വരുന്നു എംപാനല്‍കാര്‍ക്ക് പി.എസ്.സി വഴി എട്ടിന്റെ പണി

single-img
11 September 2013

KSRTCഎംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് പി.എസ്.സി വഴി എട്ടിന്റെ പണിവരുന്നു. ഓണം കഴിഞ്ഞ് എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 9300 ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യഘട്ട അഡൈ്വസ് മെമ്മോ അയയ്ക്കാന്‍ പിഎസ്‌സി തീരുമാനിച്ചതോടെയാണ് ഇത്തരമൊരു നീക്കം. നിലവില്‍ 5500ഓളം എംപാനലുകാര്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നുണ്‌ടെന്നാണ് കണക്ക്. ഇവരില്‍ പിഎസ്‌സി പരീക്ഷയെഴുതി ലിസ്റ്റില്‍ ഇടം നേടിയവരെയും സജീവമായി ജോലിക്കു വരാത്തവരെയും ഒഴിവാക്കി നിര്‍ത്തിയാല്‍ ഏതാണ്ട് നാലായിരത്തോളം പേര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഈ തീരുമാനം വിനയാകും. എംപാനലുകാരുടെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി പിരിച്ചുവിടാനാണ് സാധ്യത. പിഎസ്‌സി അഡൈ്വസ് മെമ്മോ അയച്ച 9300ഓളം പേര്‍ക്ക് നിയമനം നല്‍കണമെങ്കില്‍ എംപാനല്‍ കണ്ടക്ടര്‍മാരായി ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന പലരെയും പിരിച്ചുവിടേണ്ട അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. ഇവരില്‍ കഴിവുതെളിയിച്ച പലരെയും പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസിക്ക് താല്പര്യക്കുറവുണ്‌ടെങ്കിലും നിയമനം നല്‍കിയില്ലെങ്കില്‍ അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ കോടതിയില്‍ കേസുമായി പോകാന്‍ സാധ്യതയുള്ളതിനാല്‍ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ തന്നെയായിരിക്കും കെഎസ്ആര്‍ടിസി തീരുമാനിക്കുകയെന്നും അറിയുന്നു. ഇത്തരത്തിലുള്ള പിരിച്ചുവിടലുകള്‍ മുമ്പ് നടന്നിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടുന്നു.