പി.സി.ജോര്‍ജിന് നേര്‍ക്ക് ചീമുട്ടയേറ്

single-img
21 August 2013

pc-georgeസര്‍ക്കാര്‍ ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ പി.സി.ജോര്‍ജിന് നേര്‍ക്ക് തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. കെപിഎംഎസ് സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പി.സി. ജോര്‍ജ് എത്തിയപ്പോഴായിരുന്നു സംഭവം. ഉമ്മന്‍ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചെത്തിയ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ കാര്‍ ഉദ്ഘാടനം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കവേ ചീമുട്ടയേറ് നടത്തുകയായിരുന്നു. ചീമുട്ടയ്‌ക്കൊപ്പം കൊടി കെട്ടിയ വടികളും കാറിന് നേര്‍ക്ക് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബീക്കണ്‍ ലൈറ്റിനും കേടുപാടുപറ്റി. ജോര്‍ജ് കാറില്‍ നിന്ന് ഇറങ്ങാഞ്ഞതിനാല്‍ സംഭവത്തില്‍ അദ്ദേഹത്തിന് പരിക്കില്ല. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് മടങ്ങുകയായിരുന്നു.