സിറിയ: 60 ഷിയാകളെ കൂട്ടക്കൊല ചെയ്തു

single-img
13 June 2013

syriaകിഴക്കന്‍ സിറിയയിലെ ഹാറ്റ്‌ല ഗ്രാമത്തില്‍ ആക്രമണം നടത്തിയ സിറിയന്‍ വിമതര്‍ 60 ഷിയാകളെ കൊലപ്പെടുത്തി. പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ രണ്ടു വര്‍ഷമായി നടക്കുന്ന പ്രക്ഷോഭം സുന്നികളും ഷിയാകളും തമ്മിലുള്ള പോരാട്ടമായി മാറുകയാണെന്ന് ആശങ്ക ഉയര്‍ന്നു. ഹാറ്റ്‌ല ആക്രമണത്തെ അപലപിച്ച സിറിയന്‍ സര്‍ക്കാര്‍ വക്താവ് സാധാരണ പൗരന്മാരെ വിമതര്‍ കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ചു. ഇതിനിടെ ലബനനിലെ അതിര്‍ത്തിപ്പട്ടണമായ അര്‍സാലില്‍ സിറിയന്‍ സൈനിക ഹെലികോപ്ടര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ഈയിടെ അസാദിന്റെ സൈന്യം പിടിച്ചെടുത്ത ഖുസ്എയര്‍ പട്ടണത്തില്‍നിന്ന് പലായനം ചെയ്ത നിരവധിപേര്‍ അര്‍സാലില്‍ തമ്പടിച്ചിരിക്കുകയാണ്. സുന്നികള്‍ക്കു ഭൂരിപക്ഷമുള്ള പട്ടണമാണിത്. അര്‍സാലില്‍ മൂന്നു മിസൈലുകള്‍ പതിച്ചെന്നും ഇതില്‍ ഒരെണ്ണം നഗരഹൃദയത്തിലായിരുന്നുവെന്നും ലബനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിറിയന്‍ സേന ആക്രമണം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി ഉണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സിറിയയിലെ ആഭ്യന്തരയുദ്ധത്തിലേക്ക് ലബനനും വലിച്ചിഴയ്ക്കപ്പെട്ടേക്കാമെന്ന് ആശങ്ക പരത്തുന്നതാണ് ഇന്നലത്തെ ആക്രമണം.