ജഗന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

single-img
10 May 2013

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.രാജശേഖരന്‍ റെഡ്ഡിയുടെ മകനും എംപിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി ഒരു വര്‍ഷത്തോളമായി അഴികള്‍ക്കുള്ളിലാണ്. സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇനിയും കുറഞ്ഞത് നാലു മാസമെങ്കിലും തടവില്‍ തന്നെയാകും ജഗന്‍ മോഹന്‍ റെഡ്ഡി. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചതിന്റെ ശിക്ഷയെന്ന നിലയിലാണ് ജഗനെ കേസില്‍ കുടുക്കിയതെന്ന് അഭിഭാഷകര്‍ വാദിച്ചു. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതിനാല്‍ ജഗന് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വാദിച്ചെങ്കിലും ജഗനെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ഇനിയും സമയം വേണമെന്ന സിബിഐയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ജഗന് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ വിചാരണ കോടതിയില്‍ ജഗന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് കോടതി വ്യക്തമാക്കി.
വൈ.എസ്.രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അനധികൃതമായി ജഗന്‍ മോഹന്‍ സ്വത്ത് സമ്പാദിച്ചതെന്നാണ് സിബിഐ ആരോപിക്കുന്നത്. 2011 ല്‍ പുറത്തുവന്ന കണക്കനുസരിച്ച് 365 കോടി രൂപയുടെ ആസ്തിയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കുള്ളത്.