സര്‍ ഫെര്‍ഗൂസന്‍ യുഗം അവസാനിക്കുന്നു

single-img
8 May 2013

കാല്‍നൂറ്റാണ്ടിലേറെക്കാലം ലോക ഫുട്‌ബോളില്‍ മാഞ്ചസ്‌ററര്‍ വസന്തം വിരിയിച്ച സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പരിശീലകക്കുപ്പായം ഉപേക്ഷിക്കുന്നു. ലോകത്തെ ഏറ്റവും മികച്ചതും സമ്പന്നവും ആരും പേടിക്കുന്ന പോരാളികളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബ്ബിനെ മാറ്റിയ ചരിത്രമാണ് ഫെര്‍ഗൂസനുള്ളത്. ഓള്‍ഡ് ട്രാഫോഡ് മൈതാനത്ത് നീണ്ട 26 വര്‍ഷങ്ങളാണ് പരിശീലകക്കുപ്പായത്തില്‍ ലോകം ഫെര്‍ഗൂസനെ നമിച്ചത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ പരിശീലന ദൗത്യത്തില്‍ നിന്ന് വിടവാങ്ങുമെന്ന് ഫെര്‍ഗൂസന്‍ തന്നെയാണ് ലോകത്തെ അറിയിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിവരം സ്ഥിരീകരിച്ചു. എന്നാല്‍ ക്ലബ്ബിനെ പൂര്‍ണമായി കൈവിടാന്‍ 71 കാരനായ ഫെര്‍ഗൂസനു കഴിയില്ല. ക്ലബിന്റെ ഡയറക്ടറഉം അംബാസിഡറുമായി ഇനിയുള്ള നാളുകളിലും ടീമിനൊപ്പം ഫെര്‍ഗൂസനുണ്ടാകും.

സര്‍. അലക്‌സ് ഫെര്‍ഗൂസനു കീഴില്‍ 13 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും രണ്ടു ചാമ്പ്യന്‍സ് ലീഗ് കിരീടവും മാഞ്ചസ്റ്റര്‍ നേടിയിട്ടുണ്ട്. കൂടാതെ അഞഅച് എഫ്എ കപ്പും നാല് ലീഗ് കപ്പും ലോക ക്ലബ്ബ് ഫുട്‌ബോള്‍ കിരീടവും മാന്‍ യു ഈ കാലയളവില്‍ നേടി. ഈ സീസണിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിക്കഴിഞ്ഞു. ടീമിന്റെ ശക്തമായ അവസ്ഥയില്‍ ആണ് താന്‍ വിടപറയുന്നതെന്ന് ഫെര്‍ഗൂസന്‍ പറഞ്ഞു. തന്നെ കാത്തിരിക്കുന്ന ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തുഷ്ടനാണെന്നും അദേഹം അറിയിച്ചു.
എവര്‍ട്ടന്‍ ടീം കോച്ച് ഡേവിഡ് മോയയ്ക്കായിരിക്കും ഫെര്‍ഗൂസന്റെ പിന്‍ഗാമിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിക്കുകയെന്നാണ് നിലവിലെ സൂചന. മുന്‍ ബാഴ്‌സലോണ കോച്ച് പെപ് ഗാര്‍ഡിയോളയെ കൊണ്ടു വരാന്‍ ടീം ശ്രമിച്ചെങ്കിലും നടന്നില്ല എന്നാണ് റിപ്പോര്‍ട്ട്.