അതിര്‍ത്തിയില്‍ പിന്മാറ്റം

single-img
6 May 2013

ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് കടന്നു കയറി ടെന്റ് കെട്ടിയ ചൈനീസ് സൈന്യം പിന്മാറി. ദൗലത്ബഗ് ഓള്‍ദിയില്‍ ചൈന കൂടാരം സ്ഥാപിച്ചതിനെത്തുടര്‍ന്ന് നേര്‍ എതില്‍വശത്തായി താവളമടിച്ച ഇന്ത്യന്‍ സൈന്യവും അതേസമയത്തു തന്നെ പിന്മാറി. ഇരു രാജ്യങ്ങളുടെയും ഉന്നത തലത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് പിന്മാറ്റം ഉണ്ടായത്. ഇതോടെ ഏപ്രില്‍ 15 മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്ന പ്രതിസന്ധിക്ക് വിരാമമായി.

ഏപ്രില്‍ 15 ന് രാത്രിയാണ് ഇന്ത്യന്‍ പ്രദേശത്തിന് 19 കിലോമീറ്റര്‍ അകത്തു പ്രവേശിച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ കൂടാരം സ്ഥാപിച്ചത്. അന്‍പതോളം വരുന്ന സൈനികരാണ് കൂടാരങ്ങളില്‍ തമ്പടിച്ചത്. കൂടാരങ്ങള്‍ക്കു മുന്നിലായി ചൈനീസ് പ്രദേശമാണ് എന്ന് കാണിക്കുന്ന ബോര്‍ഡുകളും തൂക്കിയിരുന്നു. ചൈനീസ് സൈന്യത്തിന്റെ നീക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നേര്‍ എതിര്‍ വശത്തായി മുന്നൂറു മീറ്റര്‍ അകലെയായി ടെന്റ് സ്ഥാപിച്ച് കാവല്‍ നിന്നു. പിന്മാറണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചൈനീസ് സൈന്യം വിസമ്മതിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി നാലു തവണ ഇരു രാജ്യങ്ങളുടെയും ബ്രിഗേഡിയര്‍ തല ഫ്‌ലാഗ് മീറ്റിങ്ങുകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നയതന്ത്ര തലത്തില്‍ നടന്ന ശക്തമായ നീക്കങ്ങളാണ് പിന്മാറ്റത്തിലേയ്ക്ക് നയിച്ചത്.