കൂടംകുളം ആണവ പദ്ധതിയ്ക്ക് സുപ്രീം കോടതിയുടെ അംഗീകാരം

single-img
6 May 2013

കൂടംകുളം ആണവ നിലയത്തിന് സുപ്രീം കോടതി അംഗീകാരം നല്‍കി. നിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും രാജ്യത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യമായി വരുന്ന ഊര്‍ജത്തിന് പരിഹാരമായി ആണവോര്‍ജ്ജം അത്യാവശ്യമാണെന്നും പദ്ധതിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കികൊണ്ട് പരമോന്നത കോടതി പറഞ്ഞു. കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും കൂടംകുളം സമരസമിതിയും സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വികസനത്തിന് ആണവോര്‍ജ്ജം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കണ്ണുംപൂട്ടി തള്ളിക്കളയാനാകില്ലെന്നും പറഞ്ഞു. കൂടംകുളം നിലയം പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തിന്റെ പൊതുതാത്പര്യമാണ്. കുറച്ചുപേരുടെ അസൗകര്യം കണക്കിലെടുത്ത് രാജ്യതാല്‍പര്യം അവഗണിക്കാന്‍ കഴിയില്ല. കൂടംകുളത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ പര്യാപ്തമാണ്. തീരദേശ നിയമവും പാലിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലങ്ങളുടേത് പോലുള്ള ആവശ്യമായ അനുമതികളും ലഭിച്ചിട്ടുണ്ട്. നിലയത്തിന്റെ സുരക്ഷ കര്‍ശനമായി പാലിക്കപ്പെടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാക്കിയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. നിലയത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിവിധ വിദഗ്ദ്ധ സമിതികള്‍ ഉറപ്പ് നല്‍കിയിച്ചുണ്ടെങ്കിലും സുരക്ഷ സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനും എഇആര്‍ബിയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. കൂടംകുളം പദ്ധതിക്കെതിരെ സമരം ചെയ്തതിനു സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

കൂടംകുളം പദ്ധതിയ്ക്ക പ്രവര്‍ത്തനാനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് സമരസമിതി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.