ഞങ്ങള്‍ പ്രണയിക്കുന്നു

single-img
4 May 2013

ഒടുവില്‍ റിമയും പ്രണയ കുമ്പസാരം നടത്തി. ‘പ്രണയ വാര്‍ത്തകള്‍ വാസ്തവമാണ്. സംവിധായകനായ ആഷിഖ് അബുവും ഞാനും കടുത്ത പ്രണയത്തിലാണ്. വിവാഹം അടുത്ത വര്‍ഷം നടക്കാനും സാധ്യതയുണ്ട്.’ ആഷിഖിനെ ചുറ്റിപറ്റിയുള്ള പ്രണയ ഗോസിപ്പുകളെ കുറിച്ച് ആദ്യമായാണ് റിമ കല്ലിങ്കല്‍ തുറന്നു സമ്മതിക്കുന്നത്. ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രണയെ തുറന്നു സമ്മതിച്ചത്. തങ്ങള്‍ രഹസ്യമായി വിവാഹിതരായി എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും റിമ വ്യക്തമാക്കി. അടുത്ത വര്‍ഷം നടക്കാന്‍ സാധ്യതയുള്ള വിവാഹത്തിന്റെ തീയതി വീട്ടുകാരായിരിക്കും തീരുമാനിക്കുകയെന്നും താരം പറഞ്ഞു.

ആഷിഖ്- റിമ വിവാഹ വാര്‍ത്തകള്‍ പരന്നതിനു പിന്നാലെ അക്കാര്യം നിഷേധിച്ചു കൊണ്ട് ആഷിഖ് അബു രംഗത്തെത്തിയിരുന്നു. ഒപ്പം പ്രണയ വാര്‍ത്ത സത്യമാണെന്നും ആഷിഖ് തന്നെ അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെ വാര്‍ത്ത നിഷേധിച്ച പോസ്റ്റിന്റെ അവസാനം ഒരു വരി കൂടി ആഷിഖ് ചേര്‍ത്തു.- ഞങ്ങള്‍ പ്രണയത്തിലാണ്. വിവാഹം എല്ലാവരെയും അറിയിക്കും. ആഷിഖ് ഇക്കാര്യം തുറന്നു പറഞ്ഞെങ്കിലും റിമയുടെ ഭാഗത്ത് മൗനം തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ബന്ധത്തില്‍ അഭിമാനിക്കുന്നു എന്ന വാക്കുകളോടെയാണ് താരം പ്രണയം സമ്മതിച്ചിരിക്കുന്നത്. റിമയെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹയാക്കിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് സംവിധായകനും നായികയും പ്രണയ ലോകത്തേയ്ക്ക് ചുവടുവച്ചത്. സിനിമ നേടിയ വിജയം പോലെ ഇരുവരുടെയും പ്രണയവും വിജയത്തിലേയ്ക്ക നീങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.