കൈകൂപ്പി പൊട്ടിക്കരഞ്ഞ് സഞ്ജയ് ദത്ത് ; മാപ്പപേക്ഷ നല്‍കില്ല

single-img
28 March 2013

മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ച കുറ്റത്തിനു സുപ്രീം കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ച നടന്‍ സഞ്ജയ് ദത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദേഹം കരഞ്ഞത്. തന്റെ ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് മാപ്പപേക്ഷ നല്‍കില്ലെന്ന് സഞ്ജയ് അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ തന്നെ കീഴടങ്ങുമെന്നും പറഞ്ഞു. സഹോദരിയും എം.പി.യുമായ പ്രിയാ ദത്തിനൊപ്പമാണ് സഞ്ജയ് മാധ്യമങ്ങളെ കണ്ടത്. സംസാരിക്കുന്നതിനിടയില്‍ വികാരാധീനനാകുകയും മുഖം പൊത്തിക്കരയുകയും ചെയ്തു. അടുത്തിരുന്ന സഹോദരിയെ അദേഹം കെട്ടിപ്പിടിച്ചു. രാജ്യത്തിന്റെ നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു പൗരനാണ് താനെന്നു പറഞ്ഞ സഞ്ജയ് കോടതി വിധിയെ പൂര്‍ണ്ണമായും മാനിക്കുകയും പിന്തുടരുകയും ചെയ്യുമെന്നും വ്യക്തമാക്കി.

‘ മാധ്യമങ്ങളോടും ഈ രാജ്യത്തെ ജനങ്ങളോടും കൈകൂപ്പിക്കൊണ്ട് പറയുന്നു, ഞാന്‍ മാപ്പപേക്ഷ നല്‍കില്ല. മാപ്പ് അര്‍ഹിക്കുന്ന ധാരാളം ആളുകള്‍ വേറെയുണ്ട്. ഇതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാം. ഇപ്പോള്‍ ഞാനൊരു തകര്‍ന്ന മനുഷ്യനാണ്. എന്റെ കുടുംബവും തകര്‍ന്നിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമാണിത്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. സറണ്ടര്‍ ചെയ്യുന്നതിനു മുന്‍പ് ഒരു പാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. കുടുംബത്തിനൊപ്പവും സമയം ചെലവഴിക്കണം. ജയിലിലേയ്ക്ക് പോകുന്നതു വരെ എന്നെ സമാധാനത്തില്‍ കഴിയാന്‍ അനുവദിക്കണം. ഈ രാജ്യത്തെയും ജനങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ‘ സഞ്ജയ് പറഞ്ഞു.
കൂടുതല്‍ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാതെ സഞ്ജയ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.