രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നു മ്യാന്‍മര്‍ സൈനിക നേതൃത്വം

single-img
28 March 2013

Myanmar Mapരാഷ്ട്രീയപ്രവര്‍ത്തനം തുടരുമെന്നു മ്യാന്‍മര്‍ സൈനിക നേതൃത്വം പ്രഖ്യാപിച്ചു.  68-ാം സായുധസേനാ ദിനം പ്രമാണിച്ച് തലസ്ഥാനമായ നായ്പിഡോയില്‍ സംഘടിപ്പിച്ച സൈനിക പരേഡിനെ അഭിസംബോധന ചെയ്ത ജനറല്‍ മിന്‍ ആംഗ് ഹ്‌ലെയിംഗാണ് നയം വ്യക്തമാക്കിയത്. ആദ്യമായി പ്രതിപക്ഷനേതാവും നൊബേല്‍ പുരസ്‌കാര ജേത്രിയുമായ ഓങ് സാന്‍ സ്യൂ കി സൈനിക പരേഡ് വീക്ഷിക്കാനെത്തി. സൈനിക ഭരണകാലത്ത് 15 വര്‍ഷത്തോളം വീട്ടുതടങ്കലിലായിരുന്ന സ്യൂ കി മുതിര്‍ന്ന സൈനിക ഓഫീസര്‍മാരോടൊപ്പം മുന്‍നിരയിലാണിരുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ ചിന്തിക്കാനാവാത്ത കാര്യമായിരുന്നിത്. ടാങ്കറുകളും റോക്കറ്റ് ലോഞ്ചറുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു. ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ആകാശത്തു വട്ടമിട്ടു പറന്നു. രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനും സൈന്യം നല്‍കുന്ന സംഭാവനകളെ ജനറല്‍ ഹ്‌ലെയിംഗ് എടുത്തു പറഞ്ഞു.