കരകയറാനാകാതെ ഓസീസ്

single-img
23 March 2013

പരമ്പര തൂത്തുവാരാനുള്ള ഇന്ത്യന്‍ ടീമിന്റെ നയങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു കൊണ്ട് ഡല്‍ഹി ടെസ്റ്റിന്റെ ഒന്നാമിന്നിങ്ങ്‌സില്‍ ആസ്‌ത്രേലിയ തകര്‍ന്നടിഞ്ഞു. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്ങ് പുനരാരംഭിച്ച ആസ്‌ത്രേലിയ ഒരു മണിക്കൂറിനുള്ളില്‍ 262 എന്ന സ്‌കോറിലൊതുങ്ങി. ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി ഓസീസ് നിഗ്രഹത്തിന് നേതൃത്വം നല്‍കി. വാലറ്റക്കാരന്‍ പീറ്റര്‍ സിഡില്‍(51) അര്‍ദ്ധ ശതകം തികച്ചതു മാത്രമാണ് ആസ്‌ത്രേലിയന്‍ നിരയില്‍ എടുത്തുപറയാന്‍ പറ്റിയ പ്രകടനമായി ഉള്ളത്. എഡ് കോവന്‍ (38), ഫിലിപ്പ് ഹ്യൂഗ്‌സ്(45), സ്റ്റീവന്‍ സ്മിത്ത്(46), ജയിംസ് പാറ്റിന്‍സണ്‍(30) എന്നിവര്‍ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞതോടെ പരമ്പരയിലെ നാലാം തോല്‍വിയിലേയ്ക്കാണ് ആസ്തരേലിയ ഉറ്റുനോക്കുന്നത്. ഇന്ത്യയ്ക്കു വേണ്ടി ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തിയപ്പോള്‍ പ്രഗ്യാന്‍ ഓജ ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയില്‍ ടോസ്സ് നേട്ടം ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സനായിരുന്നു. ബാറ്റിങ്ങ് തെരഞ്ഞെടുക്കാനുള്ള ഓസീസ് ക്യാപ്റ്റന്റെ തീരുമാനം ഇത്തവണയും തിരിഞ്ഞുകടിക്കുന്നതാണ് കോട്‌ല മൈതാനം തുടര്‍ന്നു സാക്ഷ്യം വഹിച്ചത്. പരമ്പരയിലെ നാലു മത്സരങ്ങളിലും ടോസ്സ് ആസ്‌ത്രേലിയയ്ക്കു തന്നെ ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്.