ശ്രീലങ്കയ്‌ക്കെതിരായ പ്രമേയം പാസായി

single-img
21 March 2013

02_srilanka1_k_A11തമിഴ് ഉന്മൂലനം സംബന്ധിച്ച് ശ്രീലങ്കയ്‌ക്കെതിരായ പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാസായി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ മാത്രമാണ് അനുകൂലിച്ചത്. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തു. 13 നെതിരേ 25 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. എട്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

എല്‍ടിടിഇക്കെതിരായ യുദ്ധസമയത്ത് മനുഷ്യാവകാശ ധ്വംസനം നടത്തിയെന്നാരോപിച്ചാണ് പ്രമേയം. പ്രമേയത്തെ പിന്തുണച്ചെങ്കിലും ഏറെ മയപ്പെടുത്തിയ വാക്കുകളാണ് ഇന്ത്യ ഇതിനുവേണ്ടി ഉപയോഗിച്ചത്. പ്രമേയത്തിന്‍മേല്‍ ഇന്ത്യ ഭേദഗതികളൊന്നും നിര്‍ദേശിച്ചില്ല. സാധാരണ പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും മനുഷ്യാവകാശ ധ്വംസനത്തെക്കുറിച്ചും സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം വേണമെന്ന് മാത്രമാണ് പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ദിലീപ് സിന്‍ഹ പറഞ്ഞത്. പുനരധിവാസത്തിനുള്ള നടപടികളുമായി ശ്രീലങ്ക മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ ഇക്കാര്യത്തില്‍ ശ്രീലങ്ക ഉത്തരവാദിത്വം ഉറപ്പുവരുത്തണമെന്നും പറഞ്ഞു. അയല്‍ക്കാരെന്ന നിലയില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ തങ്ങളും പങ്കാളിയാകുന്നുണ്‌ടെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.