ഡല്‍ഹിയില്‍ ധവാനില്ല

single-img
20 March 2013

കാത്തിരുന്ന് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറിയും മാന്‍ ഓഫ് ദി മാച്ചുമായി കഴിവു തെളിയിച്ച ഇന്ത്യയുടെ ശിഖര്‍ ധവാന് ഇത് നിരാശക്കാലം. ആസ്‌ത്രേലിയയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ശിഖര്‍ ഉണ്ടാകില്ല. ഇടതു കൈക്കേറ്റ പരുക്കാണ് സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിക്കാനുള്ള ഭാഗ്യം ധവാനില്‍ നിന്ന് തട്ടിയകറ്റിയത്. മൊഹാലി ടെസ്റ്റില്‍ ആസ്‌ത്രേലിയയുടെ രണ്ടാമിന്നിങ്ങ്‌സില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് ധവാന്റെ ഇടതു കൈയില്‍  പരുക്കേറ്റത്. അദേഹത്തിനു പകരം സുരേഷ് റെയ്‌നയെ ടീമിലുള്‍പ്പെടുത്തി.

ഫിലിപ്പ് ഹ്യൂഗ്‌സിന്റെ ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ശിഖര്‍ ധവാന്റെ ഇടതു കൈയിലെ വിരല്‍ സന്ധിയ്ക്ക് പരുക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ എക്‌സ് റേ പരിശോധനയില്‍ മസിലിനു പരുക്കു പറ്റിയതായി കണ്ടതിനെത്തുടര്‍ന്ന് ഇന്ത്യയുടെ അവസാന ഇന്നിങ്ങ്‌സില്‍ ധവാന്‍ കളിച്ചിരുന്നില്ല.