ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് ഇന്ത്യ

single-img
19 March 2013

ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങിക്കൂട്ടുന്നത് ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. രാസ- ജൈവ, ന്യൂക്ലിയര്‍ ആയുധങ്ങളൊഴികെയുള്ള സാധാരണ ആയുധങ്ങള്‍ വാങ്ങുന്ന കണക്കിലാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. ലോകത്ത് ആകെ നടക്കുന്ന ആയുധ ഇറക്കുമതിയുടെ 12 ശതമാനമാണ് ഇന്ത്യ വാങ്ങുന്നത്.സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് ഇതു സംബന്ധിച്ച പട്ടിക പുറത്തുവിട്ടത്.

ഇന്ത്യ നയിക്കുന്ന പട്ടികയില്‍ ആദ്യ അഞ്ചു സ്ഥാനത്തും ഏഷ്യന്‍ രാജ്യങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ആറു ശതമാനം ആയുധ ഇറക്കുമതിയുമായി ചൈന രണ്ടാം സ്ഥാനത്തും അഞ്ചു ശതമാനവുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. ദക്ഷിണ കൊറിയ (5 %), സിംഗപൂര്‍ (4%) എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
രണ്ടാമതു നില്‍ക്കുന്ന ചൈനയെക്കാള്‍ 109 % ആയുധ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയുടെ ആയുധ ഇറക്കുമതിയില്‍ 2003-07 കാലയളവിനെ അപേക്ഷിച്ച് 2008-12 കാലയളവില്‍ 59% വര്‍ദ്ധനവാണ് ഉണ്ടായത്. ഏഷ്യ – ഓഷ്യാനിയ മേഖലയിലാണ് ആയുധ ഇറക്കുമതിയുടെ സിംഹഭാഗവും നടക്കുന്നത്.
ഏറ്റവും കൂടുതല്‍ ആയുധം വില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെ പിന്തള്ളി ചൈന അഞ്ചാം സ്ഥാനത്തെത്തി. ശീതയുദ്ധക്കാലത്തിനു ശേഷം ആദ്യമായാണ് ചൈന ആയുധക്കയറ്റുമതിയില്‍ ആദ്യ അഞ്ചില്‍ എത്തുന്നത്. ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് പാകിസ്ഥാനാണ്. 55% ചൈനീസ് ആയുധങ്ങളാണ് പാകിസ്ഥാന്‍ സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ആയുധം വില്‍ക്കുന്നത് അമേരിക്കയാണ്. 30 ശതമാനമാണ് അമേരിക്കയുടെ പങ്ക്. റഷ്യ (26%), ജര്‍മ്മനി (7%), ഫ്രാന്‍സ് (6%) എന്നീ രാജ്യങ്ങളാണ് രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളില്‍.