നാലു ദിവസത്തെ ടെസ്റ്റിലൂടെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയ്ക്ക്

single-img
18 March 2013

മൊഹാലി : മഴ കൊണ്ടു പോയ ആദ്യ ദിവസത്തിന്റെ വേവലാതികളൊന്നും ഇന്ത്യന്‍ വിജയത്തെ തടഞ്ഞു നിര്‍ത്തിയില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും വ്യക്തമായ മേല്‍ക്കോയ്മയുമായി പരമ്പരയിലെ മൂന്നാം ജയവും തങ്ങളുടെ പേരില്‍ കുറിച്ച ഇന്ത്യ, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കി. പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ചരിത്രം കുറിച്ചത്. രണ്ടാമിന്നിങ്ങ്‌സില്‍ ആസ്‌ത്രേലിയ ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ നേടി.

കളിയുടെ ആദ്യ ദിനം മഴ കാരണം ഉപേക്ഷിക്കുകയും ഇരു ടീമുകളും ഒന്നാമിന്നിങ്ങ്‌സില്‍ നാനൂറിനു മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത മത്സരത്തിലാണ് ആസ്‌ത്രേലിയയെ കടപുഴക്കിയത്. രണ്ടാമിന്നിങ്ങ്‌സില്‍ അരങ്ങേറ്റത്തിലെ അതിവേഗ സെഞ്ച്വറിയുമായി തിളങ്ങിയ ശിഖര്‍ ധവാനും പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേടിയ മുരളി വിജയുമാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറ പാകിയത്. ആസ്‌ത്രേലിയയുടെ രണ്ടാം ഇന്നിങ്ങ്‌സില്‍ തുടക്കത്തിലേ പ്രഹരമേല്‍പ്പിച്ച ഭുവനേശ്വര്‍ കുമാറും തുടര്‍ന്ന് ഓസീസ് നിരയെ ചീട്ടു കൊട്ടാരം പോലെ തകര്‍ത്ത അശ്വിനും രവീന്ദ്ര ജഡേജയും പ്രഗ്യാന്‍ ഓജയും ചേര്‍ന്ന സ്പിന്‍ ത്രയവുമാണ് ഇന്ത്യന്‍ വിജയം എളുപ്പത്തിലാക്കിയത്. ശക്തമായ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയ്ക്ക് 133 റണ്‍സ് ആയാസമില്ലാതെ എത്തിപ്പിടിക്കാന്‍ കഴിഞ്ഞതോടെ വിജയം പൂര്‍ണ്ണമായി. മുരളി വിജയ്(26), ചേതേശ്വര്‍ പൂജാര(28), വിരാട് കോലി(34), സച്ചിന്‍ തെണ്ടുല്‍ക്കര്‍(21) എന്നിവരാണ് പുറത്തായത്. രവീന്ദ്ര ജഡേജ(8)യെ സാക്ഷി നിര്‍ത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി(18)യാണ് ബൗണ്ടറിയടിച്ച് ഇന്ത്യയുടെ വിജയ റണ്‍ നേടിയത്. മിന്നുന്ന വേഗത്തില്‍ 85 പന്തില്‍ മൂന്നക്കം കടന്ന ശിഖര്‍ ധവാന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
ചരിത്രത്തില്‍ തന്നെ നാലാം തവണയാണ് ഇന്ത്യ മൂന്നു ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്നത്. ഒരു പരമ്പരയില്‍ 3-0 ന് മുന്നിട്ടു നില്‍ക്കുന്നത് മൂന്നാം തവണയും. ഇന്ത്യയില്‍ കളിച്ച 10 ടെസ്റ്റില്‍ എട്ടാമത്തെ തോല്‍വിയാണ് ഇന്ന് ആസ്‌ത്രേലിയ ഏറ്റുവാങ്ങിയത്.
സ്‌കോര്‍ : ആസ്‌ത്രേലിയ – 408 , 223
ഇന്ത്യ – 499, 136/4