ആദ്യ ഇന്നിങ്ങ്‌സില്‍ ആസ്‌ത്രേലിയ 408 ന് പുറത്ത് ; ഇന്ത്യയ്ക്ക് മികച്ച തുടക്കം

single-img
16 March 2013

മൊഹാലി: മികച്ച തുടക്കത്തിനു ശേഷം തകര്‍ച്ചയിലേയ്ക്ക് പതിച്ച ആസ്‌ത്രേലിയയ്ക്ക് വാലറ്റക്കാര്‍ തുണയായി. ആദ്യ ഇന്നിങ്ങ്‌സില്‍ 300 റണ്‍സ് പോലും നേടാനാകാതെ ഓസീസ് നിര പുറത്താകുമെന്ന് കരുതിയിടത്തു നിന്നും ശക്തമായ തിരിച്ചുവരവിനാണ് പിസിഎ സ്റ്റേഡിയം സാക്ഷിയായത്. എട്ടാമനായിറങ്ങിയ ഫാസ്റ്റ് ബൗളര്‍ മൈക്കല്‍ സ്റ്റാര്‍കിന്റെ 99 റണ്‍സിന്റെ ബലത്തില്‍ ആസ്‌ത്രേലിയ ഒന്നാമിന്നിങ്ങ്‌സില്‍ 408 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 20 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 90 റണ്‍സ ആണ്് ഇന്ത്യന്‍ സ്‌കോര്‍. സെവാഗിനു പകരം കളിക്കാനവസരം ലഭിച്ച അരങ്ങേറ്റക്കാരന്‍ ശിഖര്‍ ധവാന്‍ അര്‍ദ്ധശതകവുമായി തിളങ്ങി. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ധവാന്‍ 60 പന്തില്‍ 60 റണ്‍സ് നേടിയിട്ടുണ്ട്. ധവാനു പിന്തുണ നല്‍കിക്കൊണ്ട് 60 പന്തില്‍ നിന്നും 30 റണ്‍സുമായി മുരളി വിജയും മികച്ച ഫോമിലാണ് കളിക്കുന്നത്. അന്‍പതു പന്തില്‍ അര്‍ദ്ധശതകം തികച്ച ശിഖര്‍ ധവാന്‍ 13 ബൗണ്ടറികളാണ് ഇതുവരെ അടിച്ചു കൂട്ടിയത്. മുരളി വിജയ് രണ്ടു ഫോറും രണ്ടു സിക്‌സും പറത്തിക്കഴിഞ്ഞു.

രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 273 എന്ന നിലയിലായിരുന്ന സ്‌കോറിനെ 408 റണ്‍സിലെത്തിച്ചതിനു മൈക്കല്‍ സ്റ്റാര്‍കും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്നുയര്‍ത്തിയ 97 റണ്‍സിന്റെ കൂട്ടുകെട്ടിനും സ്റ്റാര്‍കും നഥാന്‍ ലിയോണും ചേര്‍ന്ന 51 റണ്‍സിന്റെ കൂട്ടുകെട്ടിനുമാണ് ഓസീസ് നിര നന്ദി പറയുന്നത്. ഇന്നലെ 22 റണ്‍സ് ചേര്‍ത്ത പാട്ണര്‍ഷിപ്പിനോട് 75 റണ്‍സാണ് സ്മിത്ത്- സ്റ്റാര്‍ക് സഖ്യം ഇന്ന് രാവിലെ കൂട്ടിച്ചേര്‍ത്തത്. ടീം സ്‌കോര്‍ 348 റണ്‍സിലെത്തിയപ്പോള്‍ പ്രഗ്യാന്‍ ഓജയുടെ പന്തില്‍ ധോണിയുടെ സ്റ്റംപിങ്ങിലൂടെയാണ് സ്മിത്ത് പുറത്തായത്. തുടര്‍ന്നെത്തിയ നഥാന്‍ ലിയോണി(9)നെക്കൂട്ടു പിടിച്ച് സ്‌കോര്‍ മുന്നോട്ടു നയിക്കുന്നതില്‍ സ്റ്റാര്‍ക് വിജയിച്ചെങ്കിലും തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി തികയ്ക്കാന്‍ യുവതാരത്തിനു സാധിച്ചില്ല. സ്റ്റാര്‍കിനെ ധോണിയുടെ കൈയിലെത്തിച്ച് ഇശാന്ത് ശര്‍മ ഇന്ത്യ കാത്തിരുന്ന വിക്കറ്റ് ടീമിനു സമ്മാനിച്ചു. 144 പന്തുകളില്‍ നിന്നാണ് സ്റ്റാര്‍ക് 99 റണ്‍സെടുത്തത്. അവസാന വിക്കറ്റില്‍ സേവ്യര്‍ ദൊഹേര്‍ട്ടിയെ(5) വീഴ്ത്തി ആര്‍.അശ്വിനാണ് ഓസീസ് ഇന്നിങ്ങ്‌സിനു തിരശ്ശീലയിട്ടത്.