പാക് പ്രധാനമന്ത്രി ശനിയാഴ്ച ഇന്ത്യയില്‍

single-img
6 March 2013

പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് ശനിയാഴ്ച ഇന്ത്യയിലെത്തും. അജ്മീര്‍ ദര്‍ഗയില്‍ തീര്‍ഥാടനത്തിനായാണ് പാക് പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യയില്‍ ഔദ്യോഗിക പരിപാടികളൊന്നും അദേഹത്തിനില്ല. ഇന്ത്യന്‍ അധികൃതരുമായോ നേതാക്കുമായോ കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടില്ല.

മാര്‍ച്ച് 16 ന് രാജാ പര്‍വേസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുകയാണ്.അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാര്‍ഥന അര്‍പ്പിക്കുന്നതിനാണ് പാക് നേതാവ് എത്തുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ രാജാ പര്‍വേസിന്റെ അവസാന വിദേശ പര്യടനമാണ് ഇത്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതിഷേധവുമായി ശിവസേന രംഗത്തെത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന വെട്ടിമാറ്റിയ സൈനികന്റെ തല വിട്ടുകിട്ടുന്നതു വരെ രാജാ പര്‍വേസിനെ ഇന്ത്യയിലെത്താന്‍ അനുവദിക്കരുതെന്ന് ശിവസേന ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഈയിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു പാക് അധികാരി ഇന്ത്യയിലെത്തുന്നത്.