സന്തോഷ് ട്രോഫി : കേരളത്തിനു രണ്ടാം വിജയം

single-img
25 February 2013

സെമി സാധ്യത ഉറപ്പിച്ചു കൊണ്ട് കേരളത്തിനു രണ്ടാം ക്വാര്‍ട്ടര്‍ വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഉത്തര്‍പ്രദേശിനെയാണ് തകര്‍ത്തത്. കേരളത്തിനു വേണ്ടി ഉസ്മാന്‍, കണ്ണന്‍, ഷിബിന്‍ ലാല്‍ എന്നിരാണ് ഗോള്‍ നേടിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ മൂന്നു ഗോളുകളും ഉത്തര്‍പ്രദേശിന്റെ വലയിലെത്തിക്കാന്‍ കേരളത്തിന്റെ മിടുക്കന്‍മാര്‍ക്കു കഴിഞ്ഞു.

പതിനാലാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഉസ്മാന്‍ കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. മൂന്നു മിനിറ്റുകള്‍ക്കു ശേഷം സ്‌ട്രൈക്കര്‍ കണ്ണന്‍ വീണ്ടും യുപിയുടെ വല കുലുക്കിയതോടെ കേരളത്തിനു രണ്ടു ഗോളുകളുടെ ലീഡു ലഭിച്ചു. ഇരുപത്തിയാറാം മിനിറ്റില്‍ ഷിബിന്‍ ലാലിന്റെ തകര്‍പ്പനൊരടി ഗോളായതോടെ കേരളം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുന്നിലെത്തി.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈംമിലാണ് യുപി ഗോള്‍ മടക്കിയത്. ബീരു യാദവാണ് കേരളത്തെ ഞെട്ടിച്ചു കൊണ്ടു വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താനുള്ള കേരളത്തിന്റെ ശ്രമങ്ങളൊന്നും വിലപ്പോയില്ല. മത്സരത്തിലേയ്ക്കു തിരിച്ചു വരാന്‍ യുപിയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും അവസാന മിനിറ്റില്‍ ഒരു ഗോള്‍ നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു(3-2). വിവേക് പ്രതാപ് സിങ് ആണ് ഉത്തര്‍പ്രദേശിന്റെ രണ്ടാം ഗോള്‍ നേടിയത്.