ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് : ആസ്‌ത്രേലിയ 380 ന് പുറത്ത്

single-img
23 February 2013

ചെന്നൈ : ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്ങ്‌സില്‍ ആസ്‌ത്രേലിയ 380 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നേടിയ 130 റണ്‍സാണ് ആസ്‌ത്രേലിയന്‍ ഇന്നിങ്ങ്‌സിനു കരുത്തായി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിമുറുക്കിയതോടെയാണ് കൂറ്റന്‍ സ്‌കോര്‍ നേടാനാകാതെ ആസ്‌ത്രേലിയന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്. ആര്‍.അശ്വിന്‍ ഏഴു വിക്കറ്റു വീഴ്ത്തി കംഗാരുക്കളെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. 42 ഓവറില്‍ 103 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടുകൊടുത്തത്.

ആദ്യ ദിവസം ഏഴു വിക്കറ്റിനു 316 റണ്‍സ് എന്ന നിലയിലാണ് ആസ്‌ത്രേലിയ കളി അവസാനിപ്പിച്ചത്. പുറത്താകാതെ നിന്ന ക്ലാര്‍ക്ക് ടീമിന്റെ സ്‌കോര്‍ നാനൂറു കടത്തുമെന്നു കരുതിയെങ്കിലും രണ്ടാം ദിനം ആദ്യം വീണത് ക്ലാര്‍ക്ക് ആയിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടിച്ചു പുറത്താകുമ്പോള്‍ 246 പമ്പില്‍ 12 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 130 റണ്‍സ് ക്ലാര്‍ക്ക് നേടിയിരുന്നു. ക്ലാര്‍ക്കിനെ കൂടാതെ ഓപ്പണര്‍ ഡേവിഡ് വാര്‍നര്‍(59), ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ മൊയിസ് ഹെന്റിക് (68) എന്നിവര്‍ മത്രമേ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പിടിച്ചു നിന്നുള്ളു. ഒന്‍പതാമനായിറങ്ങിയ പീറ്റര്‍ സിഡില്‍ 111 പന്തുകള്‍ അതിജീവിച്ച് നേടിയ 19 റണ്‍സും ഓസീസ് ഇന്നിങ്ങ്‌സ് 380 എത്തുന്നതിനു സഹായകമായി.
ഇന്ത്യയ്ക്കു വേണ്ടി അശ്വിനു പുറമേ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഹര്‍ഭജന്‍ സിങ് ഒരു വിക്കറ്റും നേടി.