മലയാള സിനിമയ്ക്ക് പ്രണാമമര്‍പ്പിച്ച സെല്ലുലോയ്ഡിനു അവാര്‍ഡുകള്‍ കൊണ്ടൊരു പ്രണാമം

single-img
22 February 2013

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ ജീവിത കഥ പറഞ്ഞ കമലിന്റെ സെല്ലുലോയ്ഡ് മികച്ച ചിത്രത്തിനുള്ളതുള്‍പ്പെടെ ഏഴു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ജെ.സി.ഡാനിയേലിന്റെ കഥാപാത്രത്തെ അനശ്വരമാക്കിയ പൃഥ്വിരാജ് ആണ് മികച്ച നടന്‍. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ ഡോ. രവി തരകന്‍ എന്ന കഥാപാത്രത്തിലെ മികവും പൃഥ്വിയെ ഈ വര്‍ഷത്തെ മികച്ച നടനുള്ള പട്ടത്തില്‍ മുന്നിലെത്തിച്ചു. 22 ഫീമെയില്‍ കോട്ടയം, നിദ്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു റിമ കല്ലിങ്കല്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘അയാളും ഞാനും തമ്മില്‍’ ലൂടെ ലാല്‍ ജോസ് സ്വന്തമാക്കി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും ഈ ചിത്രത്തിനാണ്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയാണ് മികച്ച രണ്ടാമത്തെ ചിത്രം. കളിയച്ഛന്‍ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് മനോജ് കെ. ജയനെ തേടിയെത്തി. ഷട്ടറിലെ അഭിനയത്തിനു സജിത മഠത്തില്‍ മികച്ച രണ്ടാമത്തെ നടിയായി. സലീം കുമാര്‍ ആണ് മികച്ച ഹാസ്യ താരം(അയാളും ഞാനും തമ്മില്‍)). മികച്ച തിരക്കഥാകൃത്തായി അഞ്ജലി മേനോന്‍((മഞ്ചാടിക്കുരു), മികച്ച കഥാകൃത്തായി മനോജ് കാന(ചായില്യം), മികച്ച ഛായാഗ്രാഹകനായി മധു നീലകണ്ഠനും(അന്നയും റസൂലും) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

സെല്ലുലോയ്ഡിലെയും ചട്ടക്കാരിയിലെയും ഗാനങ്ങളൊരുക്കിയ എം.ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. റഫീക് അഹമ്മദിനാണ് മികച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ഒഴിമുറി, കളിയച്ഛന്‍ എന്നിവയിലൂടെ ബിജിപാല്‍ നേടി. വിജയ് യേശുദാസ്(സ്പിരിറ്റ്, മഴകൊണ്ടു മാത്രം), സിത്താര കൃഷ്ണകുമാര്‍(സെല്ലുലോയ്ഡ്, ഏനുണ്ടോ അമ്പിളിച്ചന്തം) എന്നിവരാണ് മികച്ച ഗായകനും ഗായികയും. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനമാലപിച്ച വൈക്കം വിജയലക്ഷ്മി, ശ്രീറാം എന്നിവര്‍ പ്രത്യേക ജൂറി പരാമര്‍ശത്തിനു അര്‍ഹരായി.
സെല്ലുലോയ്ഡിന്റെ കലാസംവിധാനത്തിന് സുരേഷ് കൊല്ലം അവാര്‍ഡ് നേടി. ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ കളറിസ്റ്റിനുള്ളള പുരസ്‌കാരം അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ജയദേവിനു ലഭിച്ചു. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം വിമി മറിയം ജോര്‍ജ് (നിദ്ര) നേടി. എഡിറ്റിംഗിനുള്ള പുരസ്‌കാരം അജിത് കുമാര്‍(അന്നയും റസൂലും) മേക്കപ്പിനുള്ള പുരസ്‌കാരം എം.ജി.റോഷന്‍ എന്നിവര്‍ നേടി.
ബ്ലാക്ക് ഫോറസ്റ്റ് കുട്ടികളുടെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരം മിനോണ്‍(101 ( 101 ചോദ്യങ്ങള്‍ ), വൈജയന്തി(മഞ്ചാടിക്കുരു) എന്നിവര്‍ കരസ്ഥമാക്കി.

ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മത്സരത്തിനെത്തിയ അവാര്‍ഡ് നിര്‍ണയമാണ് ഇത്തവണത്തേത്.84 ചിത്രങ്ങളാണ് പരിഗണനയ്‌ക്കെത്തിയത്. സംവിധായകന്‍ ഐ.വി.ശശി അധ്യക്ഷനായ ജൂറിയില്‍ സംവിധായകന്‍ സിബി മലയില്‍, ക്യാമറാമാന്‍ വിപിന്‍ മോഹന്‍, സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍, ജയശ്രീ കിഷോര്‍, എഡിറ്റര്‍ രമേശ് വിക്രമന്‍, നടി സുരേഖ, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ. മനോജ് കുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍.