ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; സഭ നിര്‍ത്തിവച്ചു

single-img
9 February 2013

.പ്രതിപക്ഷ എംഎല്‍എമാരെ തെണ്ടികളെന്നു വിളിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷം. ജോര്‍ജിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭ അന്‍പതു മിനിറ്റോളം നിര്‍ത്തിവച്ചു. വിവാദപ്രസംഗത്തിന്റെ സിഡി കണ്ട ശേഷം നടപടി സ്വീകരിക്കാമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സഭ നടപടികള്‍ പുനരാരംഭിക്കാനായത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ജോര്‍ജ് മാപ്പ് പറയണമെന്ന ആഴശ്യം ഉപക്ഷേപ പ്രസംഗത്തിനിടയില്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പി.സി. ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനം നടത്തി. അത്തരം പ്രസ്താവനകള്‍ നടത്തുന്നത് മാന്യതയല്ലെന്നാണ് ജോര്‍ജിന്റെ വാക്കുകളെ സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയ്ക്ക ശേഷം തന്റെ ഭാഗം സംസാരിക്കാന്‍ അവസരം ലഭിച്ച പി.സി. ജോര്‍ജ് വീണ്ടും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന സംസാരം നടത്തിയതോടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വേണ്ടതെന്ന നിര്‍ദ്ദേശവും സ്പീക്കറുടെ ഭാഗത്തു നിന്നും വന്നു. ഒടുവില്‍ ചീഫ് വിപ്പ് മാപ്പു പറഞ്ഞെങ്കിലും പ്രതിപക്ഷം നടപടി വേണമെന്ന ആവശ്യവുമായി സഭയുടെ മുന്‍നിരയിലേയ്ക്ക് വരുകയായിരുന്നു.