പി.സി. ജോര്‍ജ് മാപ്പുപറഞ്ഞു

single-img
8 February 2013

pc-georgeതിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ഒരു ചടങ്ങില്‍ പ്രതിപക്ഷ എംഎല്‍എമാരെ അധിക്ഷേപിക്കുന്ന തരത്തില്‍ പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയതിന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍. തുടര്‍ന്ന് സംഭവത്തില്‍ ചീഫ് വിപ്പ് മാപ്പുപറഞ്ഞു. പി.സി ജോര്‍ജിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നും അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കുകയോ അദ്ദേഹം മാപ്പുപറയുകയോ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മറുപടി പറയാന്‍ പി.സി ജോര്‍ജ് ആദ്യം എഴുന്നേറ്റെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി സംസാരിച്ചു. ഇത്തരം പരാമര്‍ശം ആരു നടത്തിയാലും അത് തെറ്റുതന്നെയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അത്തരമൊരു പരാമര്‍ശം പി.സി ജോര്‍ജ് നടത്തിയിട്ടില്ലെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീടാണ് പി.സി ജോര്‍ജ് സംസാരിച്ചത്. താനൊരു ഗ്രാമീണനാണെന്നും ഗ്രാമീണഭാഷയില്‍ പ്രതികരിക്കുമ്പോള്‍ തന്റെ വായില്‍ നിന്ന് അങ്ങനൊരു വാക്ക് വീണുപോയതാണെന്നും അതില്‍ നിര്‍വ്യാജം മാപ്പുചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചീഫ് വിപ്പിനെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം വിഷയം ഉന്നയിച്ച് നടുത്തളത്തിലേക്കിറങ്ങുകയും തുടര്‍ന്ന് സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.