റെയില്‍വേ യാത്രക്കൂലി വീണ്ടും കൂട്ടിയേക്കും

single-img
7 February 2013

trainട്രെയിന്‍ യാത്രക്കൂലി വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. എസി ത്രീ ടയര്‍, ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് എന്നീ വിഭാഗങ്ങളില്‍ വര്‍ധന നടപ്പിലാക്കാനാണു റെയില്‍വേ ഒരുങ്ങുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം 15-നു നടക്കുന്ന ജനറല്‍ മാനേജര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ ഉണ്ടാകും. 26-ന് അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ യാത്രാനിരക്കു വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നു സൂചനയുണ്ട്. വന്‍കിട ഉപയോക്താവായി പരിഗണിച്ചു സബ്‌സിഡി നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നു ഡീസല്‍ വിലവര്‍ധനയുണ്ടായ സാഹചര്യത്തിലാണു വീണ്ടും നിരക്കു വര്‍ധിപ്പിക്കാന്‍ റെയില്‍വേ മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ റെയില്‍വേക്ക് ഇതിനോടകം 3,300 കോടി രൂപയുടെ അധികച്ചെലവുണ്ടാകു മെന്നു കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പത്തു വര്‍ഷത്തിനുശേഷം ആദ്യമായി 21 ശതമാനം ടിക്കറ്റ് നിരക്കു വര്‍ധന ഏര്‍പ്പെടുത്തിയത്. സ്ലീപ്പര്‍ ക്ലാസിനു കിലോമീറ്ററിന് ആറു പൈസയും ടൂ ടയര്‍ എസിക്കും ഫസ്റ്റ് എസി ക്കും പത്തു പൈസയും സെക്കന്‍ഡ് എസിക്ക് ആറു പൈസയുമായിരുന്നു കഴിഞ്ഞ മാസം കൂട്ടിയത്.