വനിതാ അംഗങ്ങള്‍ സ്പീക്കറുടെ ചേമ്പറില്‍: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

single-img
7 February 2013

Niyamasabhaസൂര്യനെല്ലി കേസിലും ഇന്നലെ വനിതാ എംഎല്‍എമാര്‍ക്കെതിരേയുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാടകീയ സംഭവങ്ങളാണ് തുടര്‍ച്ചയായ രണ്ടാം ദിനവും സഭയില്‍ അരങ്ങേറിയത്. വനിതാ എംഎല്‍എമാര്‍ സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറുന്ന സ്ഥിതിയുമുണ്ടായി. കെ.കെ ലതികയുടേയും ജമീല പ്രകാശത്തിന്റെയും നേതൃത്വത്തിലാണ് വനിതാ എംഎല്‍എമാര്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കയറിയത്. തങ്ങള്‍ക്ക് മതിയായ സുരക്ഷയൊരുക്കണമെന്നായിരുന്നു വനിതാ എംഎല്‍എമാരുടെ ആവശ്യം. രാവിലെ സി. ദിവാകരനാണ് പ്രതിപക്ഷത്തുനിന്നും വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. എംഎല്‍എമാരെ മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സഭയുടെ പാവനത കാത്തുസൂക്ഷിക്കാന്‍ ഉതകുന്നതായിരുന്നില്ല ഇന്നലെ നിയമസഭയ്ക്ക് മുന്നില്‍ നടന്ന സമരമെന്നും 76 ഓളം പേരാണ് നിയമസഭയ്ക്ക് അകത്തേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇവരെ നീക്കാന്‍ പോലീസ് ശ്രമിച്ചു. ഇതിനിടയിലാണ് എംഎല്‍എമാര്‍ക്ക് പരിക്കേറ്റതെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ശേഷം സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിന് അംഗങ്ങളെ ക്ഷണിച്ചപ്പോഴാണ് വി.എസ് വിഷയത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റത്. ആക്രമണത്തിന് വിധേയരായ എംഎല്‍എമാര്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കാത്തത് അത്യന്തം ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരകളുടെ വേദന കണക്കിലെടുക്കുകയാണ് വേണ്ടത്. സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിലൂടെ രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിന് പുല്ലുവില കല്‍പിക്കുകയാണ് സര്‍ക്കാരെന്നും വി.എസ് പറഞ്ഞു. തുടര്‍ന്നായിരുന്നു വനിതാ എംഎല്‍എമാര്‍ സ്പീക്കറുടെ ചേമ്പറിലേക്ക് കയറിയതും പ്രതിപക്ഷം ഒന്നടങ്കം ബഹളവുമായി എഴുന്നേറ്റതും.സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രകടനമായി പുറത്തേക്കിറങ്ങുകയായിരുന്നു.