ഒടുവില്‍ ബാഴ്‌സ തോറ്റു

single-img
21 January 2013

സീസണിലിതുവരെ അജയ്യരായി ജൈത്രയാത്ര നടത്തുകയായിരുന്ന സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയ്‌ക്ക്‌ അപ്രതീക്ഷിത തോല്‍വി. റയല്‍ സോസിഡാസ്‌ ആണ്‌ ലാ ലിഗയില്‍ പരാജയമറിയാതെ 19 കളി പിന്നിട്ട ബാഴ്‌സയെ അട്ടിമറിച്ചത്‌. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു സോസിഡാസിന്റെ വിജയം. രണ്ട്‌ ഗോളുകള്‍ക്ക്‌ മുന്നിട്ടു നിന്നതിനു ശേഷമുള്ള തോല്‍വി ബാഴ്‌സയ്‌ക്ക്‌ നാണക്കേടായി.
സൂപ്പര്‍ താരം ലയണല്‍ മെസ്സി തുടര്‍ച്ചയായ പത്താം മത്സരത്തില്‍ നേടിയ ഗോളിലൂടെയാണ്‌ ബാഴ്‌സ ആദ്യപകുതിയിലെ ആറാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയത്‌. അധികം വൈകാതെ പെട്രോ റോഡ്രിഗസും ലക്ഷ്യം കണ്ടതോടെ 2-0 ബാഴ്‌സ മുന്നേറി. എന്നാല്‍ ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ സോസിഡാസ്‌ സ്‌ട്രൈക്കര്‍ ലോറി കാസ്‌ട്രോ ഗോള്‍ മടക്കി. രണ്ടാം കുതിയില്‍ 63 ാമത്തെ മിനിറ്റില്‍ റോഡ്രിഗസ്‌ വീണ്ടും ഗോള്‍ നേടി ടീമിനെ ബാഴ്‌സക്കൊപ്പമെത്തിച്ചു.

കളിയുടെ 91 ാം മിനിറ്റില്‍ ജെറാഡ്‌ പിക്വ ചുവപ്പു കാര്‍ഡ്‌ കണ്ട്‌ പുറത്തു പോയത്‌ ബാഴ്‌സയ്‌ക്ക്‌ തിരിച്ചടിയായി. ഇഞ്ച്വരി ടൈമില്‍ പകരക്കാരന്‍ ഇമ്മാനോല്‍ അഗിരറ്റിസ്‌ നേടിയ ഗോള്‍ ആണ്‌ സോസിഡാസിനെ വിജയികളാക്കിയത്‌.
ഈ സീസണില്‍ റയല്‍ മാഡ്രിഡിനോട്‌ 2-2 സമനിലയില്‍ പിരിഞ്ഞത്‌ മാത്രമായിരുന്നു ബാഴ്‌സയ്‌ക്കുണ്ടായ നാണക്കേട്‌. തോറ്റെങ്കിലും 20 കളികളില്‍ നിന്ന്‌ 55 പോയിന്റുമായി കിരീട വഴിയില്‍ ബാഴ്‌സ ബഹുദൂരം മുന്നിലാണ്‌. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന്‌ 44 പോയിന്റാണുള്ളത്‌. റയല്‍ മാഡ്രിഡ്‌ 37 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്‌.