വിലക്കില്ല ; രണ്ട് കോടി പിഴ

single-img
16 January 2013

ഈസ്റ്റ് ബംഗാളിനെതിരെയുള്ള ഐലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കളിക്കാന്‍ വിസമ്മതിച്ചതിന് അച്ചടക്ക നടപടിയായി മോഹന്‍ ബഗാന് വിലക്ക് ഏര്‍പ്പെടുത്തിയത് പിന്‍വലിച്ചു. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ ആണ് രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കിയത് റദ്ധാക്കിയത്. വിലക്കിന് പകരം രണ്ട് കോടി രൂപ പിഴയിനത്തില്‍ ക്ലബ് അടയ്ക്കണം. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ മോഹന്‍ ബഗാന് പങ്കെടുക്കാം. എന്നാല്‍ സീസണില്‍ വിലക്കുന്നതിനു മുന്‍പുള്ള മത്സരങ്ങളില്‍ നേടിയ പോയിന്റുകള്‍ ക്ലബിന് നഷ്ടമാകും.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിന് ഈസ്റ്റ് ബംഗാളുമായി നടന്ന മത്സരത്തില്‍ കാണികള്‍ അക്രമം കാട്ടിയതാണ് മോഹന്‍ ബഗാന്‍ മത്സരം ബഹിഷ്‌കരിക്കാന്‍ കാരണം. കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമുണ്ടായാല്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ടീമിന് അവകാശം നല്‍കുന്ന രീതിയിലാണ് ഫിഫ നിയമങ്ങള്‍. എന്നാല്‍ ഒന്നാം പകുതിയില്‍ പ്രശ്‌നമുണ്ടായതിനു ശേഷം കളിതുടര്‍ന്ന ബഗാന്‍ കളിക്കാര്‍ ഇടവേളയ്ക്ക് ശേഷമാണ് ഗ്രൗണ്ടിലിറങ്ങാന്‍ കൂട്ടാക്കാതിരുന്നത്. ഇതാണ് അച്ചടക്ക നടപടിയിലേയ്ക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് ജസ്റ്റിസ് എ.കെ.ഗാംഗുലി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഡിസംബര്‍ 29 നാണ് വിലക്കു സംബന്ധിച്ച ഐ ലീഗ് കോര്‍ കമ്മിറ്റി തീരുമാനം വന്നത്. തുടര്‍ന്ന് മോഹന്‍ ബഗാന്‍ നല്‍കിയ അപ്പീലിനു മേലാണ് പുതിയ തീരുമാനം.