ലോകതാരത്തിനായി കാത്തിരിപ്പ്‌

single-img
7 January 2013

-ലോകഫുട്‌ബോള്‍ തലപ്പത്ത് മെസ്സിയോ ക്രിസ്റ്റിയാനോയോ അതോ ഇനിയേസ്റ്റയോ. ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. കഴിഞ്ഞ വര്‍ഷത്തെ ലോക താരത്തിനു നല്‍കുന്ന ഫിഫ ബാലണ്‍ ദി ഓര്‍ പുരസ്‌കാരത്തിന്റെ പ്രഖ്യാപനം സൂറിച്ചില്‍ ഇന്ന് നടക്കും. നിലവിലെ ലോകഫുട്‌ബോളര്‍ ബാഴ്‌സലോണയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയ്‌ക്കൊപ്പം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്പാനിഷ് താരം ആേ്രന്ദ ഇനിയേസ്റ്റയുമാണ് അന്തിമ പട്ടികയില്‍ തുടര്‍ച്ചയായ മൂന്ന് തവണ ലോക ഫുട്‌ബോളര്‍ പട്ടം സ്വന്തമാക്കി റെക്കോര്‍ഡിട്ട മെസ്സിയ്ക്ക്‌ തന്നെയാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കുന്നത്. അതു സംഭവിച്ചാല്‍ ഇന്ന് വരെ ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാകും മെസ്സിയുടെ പേരില്‍ കുറിക്കപ്പെടുക. ലോകഫുട്‌ബോളര്‍ പദവി ഏറ്റവും കൂടുതല്‍ തവണ നേടിയിട്ടുള്ള കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് മെസ്സിയെ കാത്തിരിക്കുന്നത്. 2009 മുതലാണ് മെസ്സി ലോകതാരത്തിനുള്ള മത്സരങ്ങളില്‍ എതിരാളികളെ പിന്നിലാക്കി തന്റെ തേരോട്ടം ആരംഭിച്ചത്. ആ വര്‍ഷം ഫിഫ വേള്‍ഡ് പ്ലെയര്‍, യൂറോപ്പിലെ മികച്ച താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരങ്ങള്‍ മെസ്സി നേടി. അടുത്ത വര്‍ഷം ഇരു പുരസ്‌കാരങ്ങളും ഒന്നിപ്പിച്ച് ഫിഫ ബാലണ്‍ ദി ഓര്‍ എന്നാക്കി. പേരു മാറിയെങ്കിലും മെസ്സിയെ പിന്തള്ളാന്‍ പിന്നീടുള്ള രണ്ടു വര്‍ഷവും ആരും ഉണ്ടായിരുന്നില്ല. ഫിഫ വേള്‍ഡ് പ്ലെയര്‍ പുരസ്‌കാരം മൂന്ന് തവണ വീതം ഫ്രഞ്ച് താരം സിനദിന്‍ സിദാനും ബ്രസീല്‍ താരം റൊണാള്‍ഡോയും നേടിയിട്ടുണ്ട്. ഡച്ച് താരങ്ങളായ യൊഹാന്‍ ക്രൈഫും മാര്‍ക്കോ വാന്‍ ബാസ്റ്റനും ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയും ബാലണ്‍ ദി ഓര്‍ പുരസ്‌കാരം മൂന്ന് തവണ നേടി. ഇതില്‍ മിഷേല്‍ പ്ലാറ്റിനി തുടര്‍ച്ചയായ മൂന്ന് തവണയാണ് നേട്ടം ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി 91 ഗോളുകളാണ് മെസ്സി നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ഗെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡും മെസ്സി പഴങ്കഥയാക്കി. മികച്ച നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന മെസ്സിയ്ക്ക് വീണ്ടും പുരസ്‌കാരം ലഭിക്കുമെന്നു തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കിയ പ്രകടനമാണ് ക്രിസ്റ്റ്യാനോയെ ലോക താരത്തിനുള്ള മത്സരത്തില്‍ മുന്നിലെത്തിച്ചത്. 2008 ല്‍ ലോകതാരത്തിനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്കായിരുന്നു. സ്‌പെയിനിനെ യൂറോ ചാമ്പ്യന്മാരാക്കുകയും ബാഴ്‌സലോണയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന ആേ്രന്ദ ഇനിയേസ്റ്റയും ലോക താര പദവിയിലേയ്ക്കുയരാന്‍ എന്തുകൊണ്ടും യോഗ്യനാണ്.