വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം വേണം; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

single-img
29 August 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിര്‍മാണ കരാര്‍ കമ്ബനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ സിഐഎസ്‌എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാന്‍ നേരത്തെ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേസില്‍ കക്ഷി ചേര്‍ക്കാന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. അദാനി നല്‍കിയ ഹര്‍ജിയില്‍ തങ്ങളെ കൂടി കോടതി കേള്‍ക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിര്‍മാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീന്‍ അതിരൂപതയുടെ നീക്കം.

അതിനിടെ വിഴിഞ്ഞത്ത് സമരം ഇന്ന് വീണ്ടും ശക്തമാകും. കടല്‍ സമരം ഇന്ന് വീണ്ടും നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയില്‍ നിന്നുള്ള വള്ളങ്ങള്‍ ആണ് കടല്‍ മാര്‍ഗം തുറമുഖം വളയുക. കരമാര്‍​ഗവും തുറമുഖം ഉപരോധിക്കും. ഉപരോധ സമരത്തിന്റെ 14ാം ദിവസമാണ് ഇന്ന്. സമരക്കാരുമായി ഇന്ന് മൂന്നാംവട്ട മന്ത്രിതല ചര്‍ച്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മന്ത്രിമാരുമായുള്ള ചര്‍ച്ച നടന്നിരുന്നില്ല.