പ്രമേയം പാസാക്കിയാൽ ആനയും കടുവയും പുറത്തിറങ്ങില്ല എന്ന് ഇവരോട് ആരാണ് പറഞ്ഞത്; കേരളാ സർക്കാരിനെതിരെ വി മുരളീധരൻ

single-img
14 February 2024

വന്യജീവികളെ ഉന്മൂലനം ചെയ്യാനായി കേരളാ നിയമസഭയിൽ പ്രമേയം പാസാക്കിയതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കാറ്റിൽ നിന്നും ആനയേയും കടുവയേയും ഇറക്കിവിടുന്നത് നരേന്ദ്രമോദി ആണെന്ന് പറയാതിരുന്നത് ഭാഗ്യമെന്ന് മുരളീധരൻ പരിഹസിച്ചു.

സംസ്ഥാന നിയമസഭയെ അപഹാസ്യമാക്കുന്നതിന് വേറെ ഉദാഹരണമില്ലെന്നും പ്രമേയത്തെ കുറിച്ച് വി മുരളീധരൻ പറഞ്ഞു. ആക്രമണകാരികളായ വന്യജീവികളെ ഇല്ലാതാക്കാൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള പ്രമേയം നിയമസഭ ഇന്ന് ഐകകണ്‌ഠേന പാസാക്കിയിരുന്നു. വനംമന്ത്രി എകെ ശശീന്ദ്രനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്.

ഇത്രയും പരിഹാസ്യമായ പ്രമേയം വേറെയില്ല. കേന്ദ്ര നിയമത്തിൽ എന്ത് ഭേദഗതിയാണ് വേണ്ടതെന്ന് പറയാൻ ഇവർക്ക് കഴിയുമോ? പ്രമേയം പാസാക്കിയാൽ ആനയും കടുവയും പുറത്തിറങ്ങില്ല എന്ന് ഇവരോട് ആരാണ് പറഞ്ഞത്? കേന്ദ്ര സർക്കാർ നിർദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുകയാണ് വേണ്ടത്. എല്ലാത്തിനും ഉത്തരവാദി കേന്ദ്രമാണ് എന്ന് പറഞ്ഞു ജനങ്ങളെ അപഹാസ്യരാക്കരുത്- അദ്ദേഹം ആരോപിച്ചു.