ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

single-img
1 August 2023

ലക്നൌ: ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടിയെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തിന് വെല്ലുവിളിയായ നില്‍ക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവുമെന്ന മുന്നറിയിപ്പും തിങ്കളാഴ്ച യോഗി ആദിത്യനാഥിന്‍റെ പ്രതികരണത്തിലുണ്ട്. ബുള്‍ഡോസര്‍ എന്നത് പുരോഗതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തിന്‍റെ ആധുനിക ഉപകരണമായാണ് കാണാന്‍ കഴിയുകയെന്നാണ് എഎന്‍ഐയോട് നടത്തിയ അഭിമുഖത്തില്‍ യോഗി അദിത്യനാഥ് പ്രതികരിക്കുന്നത്.

ന്‍പുള്ള സര്‍ക്കാരുകള്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാടുകള് എടുത്തിരുന്നില്ലെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തുന്നു. സര്‍ക്കാരിന്‍റെ സ്വത്ത് അധികൃതമായി കയ്യേറുന്നവരെ ആരാധിക്കുകയാണോ ചെയ്യേണ്ടതെന്നും അതിനാലാണ് ബുള്‍ഡോസര്‍ നടപടി സ്വീകരിച്ചതെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഉത്തര്‍ പ്രദേശിലെ ജനങ്ങളും ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കുമെതിരെ നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറയുന്നു.

ന്യൂന പക്ഷ വിഭാഗങ്ങളെ ക്രിമിനലുകളെന്ന നിലയില്‍ കണ്ട് നടപടി സ്വീകരിക്കുന്നുവെന്ന ആരോപണം യോഗി ആദിത്യനാഥ് തള്ളി. അനീതി നേരിടുന്നതായി തന്നോട് പരാതി പറയാന്‍ ആര്‍ക്കും അവസരമുണ്ട്. എന്നിട്ടും പരിഹാരം കാണുന്നില്ലെന്ന് തോന്നുന്നവര്‍ക്ക് കോടതിയുടെ സഹായം തേടുന്നതില്‍ തടസമില്ലെന്നും യോഗി ആദിത്യനാഥ് പ്രതികരിക്കുന്നു.