ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍, അബുല്‍ ഹുസൈന്‍ ഖുറേഷിയെ വധിച്ചതായി തുര്‍ക്കി സേന

single-img
2 May 2023

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍, അബുല്‍ ഹുസൈന്‍ ഖുറേഷിയെ വധിച്ചതായി തുര്‍ക്കി സേന. തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സിയും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഖുറൈഷിയെ വധിച്ചതെന്നാണ് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍‍ദോഗന്‍ വ്യക്തമാക്കുന്നത്.

വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ജിന്‍ഡ്രിസിലെ ഒളിത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതേസമയം സിറിയയോ, ഐഎസോ തുര്‍ക്കിയുടെ ഈ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് അബുല്‍ ഹുസൈന്‍ ഖുറേഷി ഐഎസ് തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. ശനിയാഴ്ചയാണ് സംയുക്ത ഓപ്പറേഷന്‍ നടന്നത്. ഏറെ നാളുകളായി ഇന്‍റലിജന്‍സ് ഏജന്‍സി ഖുറേഷിക്ക് പിന്നാലെ തന്നെയായിരുന്നുവെന്നാണ് എര്‍ദ്ദോഗന്‍ വിശദമാക്കുന്നത്. ഏതെങ്കിലും രീതിയിലെ വിവേചനം അടിസ്ഥാനമായുള്ള ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും തുര്‍ക്കി പ്രസിഡന്‍റ് പ്രതികരിച്ചു.

അബു ഇബ്രാഹിം അല്‍ ഖുറൈഷി കൊല്ലപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സ്ഥാനത്തേക്ക് കൊല്ലപ്പെട്ട മുന്‍ ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരനെ നിയമിച്ചത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇസ്ലാമിക നിയമങ്ങളില്‍ നിന്നും താലിബാന്‍ വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച്‌ ഐഎസ്‌ഐഎസ്, താലിബാനുമായി അകന്നിരുന്നു. ഇത് കാബൂളിലും അഫ്ഗാനിസ്ഥാന്‍റെ അതിര്‍ത്തി മേഖലകളിലും ഇരുസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കും നിരവധി പേരുടെ മരണത്തിന് കാരണമായിരുന്നു. ഇതിനിടയിലാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ഓപ്പറേഷനില്‍ ഐഎസ് നേതാവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് എത്തുന്നത്.