ആന പാപ്പൻ ആകാൻ പോവുകയാണെന്ന് കത്തെഴുതി വച്ചു മൂന്ന് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികൾ നാട് വിട്ടു

single-img
23 September 2022

തൃശ്ശൂര്‍: കുന്നംകുളത്ത് മൂന്ന് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികളെ കാണ്‍മാനില്ല. പഴഞ്ഞി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അരുണ്‍, അതുല്‍ കൃഷ്ണ ടിപി, അതുല്‍ കൃഷ്ണ എം എം എന്നിവരാണ് നാടുവിടുകയാണ് എന്ന് കത്ത് എഴുതി വെച്ച ശേഷം വീടുവിട്ടിറങ്ങിയത്.

ഇന്നലെ വൈകുന്നേരമാണ് ആനപാപ്പാന്‍മാരാകാന്‍ പോവുകയാണ് അത് കൊണ്ട് പൊലീസ് തിരഞ്ഞ് വരണ്ടെന്നും മാസത്തിലൊരിക്കല്‍ വീട്ടിലെത്തി കണ്ട് കൊള്ളാമെന്നും ഉള്ളടക്കമുള്ള കത്ത് രക്ഷിതാക്കള്‍ കാണുന്നത്. കോട്ടയത്തേയ്ക്കാണ് പോകുന്നതെന്നും കത്തില്‍ പറയുന്നുണ്ട്.

സ്കൂള്‍ കഴിഞ്ഞ് വീടുകളിലെത്തിയ ശേഷം ട്യൂഷന്‍ ക്ളാസിലേയ്ക്ക് പോകുന്ന പേര് പറഞ്ഞാണ് കുട്ടികള്‍ പുറത്തേയ്ക്ക് പോയത്. സംഭവത്തില്‍ കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരുമിച്ച്‌ പേരാമംഗലത്ത് ബസ് ഇറങ്ങിയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.