കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ; കുഴൽ വാദ്യങ്ങൾ പലവിധം

single-img
6 May 2024

സാധാരണയായി കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണ്‌ കുഴൽ. ഇത് സുഷിരവാദ്യത്തിന്റെ ശ്രേണിയിൽ പെടുന്നു. കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ എന്നീ വിഭാഗങ്ങളും ഈ വാദ്യത്തിൽ പെടുന്നു.

പൊതുവെ കുറുങ്കുഴലും നെടുങ്കുഴലുമാണ്‌ ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്നത്. പുല്ലാങ്കുഴൽ എന്നത് പ്രധാനമായും കച്ചേരികൾക്കാണ്‌ ഉപയോഗിക്കുന്നത്. ഇതിൽ കുറുങ്കുഴലിന്‌ ഏകദേശം ഒരുമുഴം നീളമുണ്ടായിരിക്കും. മുരടിൽ (ഊതുന്ന വശം) ഒരുതരം പുല്ലാണ്‌ ഉപയോഗിക്കുന്നത്.

അതേസമയം , കുഴൽ മുഖ്യവാദ്യമായ ഒരു കലാരൂപമാണ് കുഴൽ പറ്റ്. കുറുങ്കുഴലാണ് ഇതിനുപയോഗിക്കുന്നത്. കുഴലിനൊപ്പം ഇടന്തലച്ചെണ്ട,ഇലത്താളം എന്നിവയും ഉപയോഗിക്കുന്നു. തനതായ കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തിൽ നിർമിച്ച വളഞ്ഞ കുഴൽ‌രൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്.

വായോടു ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഊതേണ്ട ഘട്ടത്തിൽ ഈ മൂന്ന് ഭാഗങ്ങളെ പിരിയിട്ട് ഘടിപ്പിക്കുന്നു. പഞ്ചവാദ്യത്തിൽ കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.