കഴിവുകേടിന്റെ പര്യായമാണ് സംസ്ഥാനത്തെ ആരോഗ്യമേഖല; ഈ ദുരവസ്ഥയ്ക്കാണ് അടിയന്തരമായി ചികിത്സവേണ്ടത്: കെസി വേണുഗോപാല്‍

single-img
20 February 2026

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.

പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് ശേഷം നിരന്തരം വയറു വേദന അനുഭവപ്പെട്ട് ചികിത്സ തേടിയിട്ടും ഇത് കണ്ടെത്താന്‍ കഴിയാത്തത് വലിയ അലംഭാവത്തിന്റെ കൂടി തെളിവാണ്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ തേടിയ ഉഷാ ജോസഫിന് ആവശ്യമായ പരിശോധനകള്‍ നടത്താതെ മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് തിരിച്ചയത് ഗുരുതരമായ വീഴ്ചയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കഴിവുകേടിന്റെ പര്യായമാണ് ആരോഗ്യമേഖല. ഈ ദുരവസ്ഥയ്ക്കാണ് അടിയന്തരമായി ചികിത്സവേണ്ടത്. ഇത് സംവിധാനത്തിന്റെ മാത്രം തകരാറല്ല, അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിന്റെയും മന്ത്രിയുടേയും പരാജയമാണെന്നും കെസി വേണുഗോപാല്‍ എംപി. ഉഷാ ജോസഫുമായി ഫോണില്‍ സംസാരിച്ചെന്നും അവര്‍ ഇത്രയും കാലം അനുഭവിച്ച വേദന വിവരണാതീതമാണെന്നും ആവശ്യമായ നഷ്ടപരിഹാരം അവര്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.