ഗരുഡന്റെ വിജയത്തിന് പിന്നാലെ പ്രതിഫലം കൂട്ടി: സുരേഷ്ഗോപിയെ നായകനാക്കാൻ നിർമ്മാതാക്കൾക്ക് മടി

single-img
12 December 2023

തൻ്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതിനു പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സിനിമാരംഗത്ത്സ ജീവമാകാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിൻ്റേതായി ഒടുവിൽ പുറത്തുവന്ന ഗരുഡൻ എന്ന സിനിമ തീയറ്ററുകളിൽ ചലനമുണ്ടാക്കി കടന്നുപോയിരുന്നു. ബോക്സോഫീസ് റിപ്പോർട്ടുകളിലൊക്കെ ചിത്രത്തിന് പോസിറ്റീവായ അഭിപ്രായങ്ങളായിരുന്നു ഉയർന്നിരുന്നത്. ഗരുഡൻ്റെ വിജയത്തെ തുടർന്ന് സുരേഷ് ഗോപി തൻ്റെ പ്രതിഫലം വർദ്ധിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ സിനിമാ ലോകത്തു നിന്ന് പുറത്തു വന്നിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു .

സാധാരണഗതിയിൽ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി വാങ്ങിക്കൊണ്ടിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇപ്പോൾ ഇപ്പോൾ റിലാസായ ഗരുഡൻ വിജയിച്ചതോടെ സുരേഷ് ഗോപി തൻ്റെ പ്രതിഫലം കുത്തനെ വർധിപ്പിച്ചു എന്നാണ് വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു . അഞ്ചു കോടി രൂപ പ്രതിഫലം വാങ്ങിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏഴ് കോടിയാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നും വിവരങ്ങൾ പുറത്തുവരുന്നു. നിലവിൽ എഗ്രിമെൻ്റ് ഒപ്പുവച്ചിരിക്കുന്ന ചിത്രങ്ങൾ ഒഴിച്ച് ഇനി അഭിനയിക്കുന്ന ചിത്രങ്ങൾക്ക് പുതിയ പ്രതിഫല നിരക്കായിരിക്കുമെന്നും സിനിമ രംഗത്ത് സംസാരമുണ്ട്.

നിലവിൽ സുരേഷ്ഗോപി പ്രതിഫലം വർദ്ധിപ്പിച്ചതോടെ അദ്ദേഹത്തെ നായകനാക്കി പ്ലാൻ ചെയ്യാനിരുന്ന പല പ്രോജക്ടുകളും നിർമ്മാതാക്കൾ ഉപേക്ഷിച്ചതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏഴുകോടി രൂപയോളം സുരേഷ്ഗോപിക്ക് പ്രതിഫലം നൽകേണ്ടി വരുമ്പോൾ ചിത്രത്തിന് മുതൽമുടക്ക് ഏകദേശം 15- 20 കോടിയാകും. അത്രയും തുക സുരേഷ്ഗോപിയുടെ താരമൂല്യം വഴി തിരിച്ചു ലഭിക്കുക പ്രമയാസമാണെന്നാണ് നിർമ്മാതാക്കളുടെ വാദം. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞാൽ മറ്റൊന്നും സുരേഷ്ഗോപിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമില്ല.

എന്നാൽ പ്രതിഫല വർദ്ധനവിൽ തെറ്റില്ലെന്ന വാദമാണ് സുരേഷ്ഗോപിയോട് അടുപ്പമുള്ളവർ ഉയർത്തുന്നത്. മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ വളരെ കുറവാണ് സുരേഷ് ഗോപിയുടെ പ്രതിഫലമെന്നും അതുകൊണ്ടുതന്നെ പ്രതിഫലവർദ്ധനവ് വിവാദമാകേണ്ട കാര്യമില്ലെന്നുമാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നതെന്നും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.