ലൈംഗിക അതിക്രമത്തിന് വിധേയായ പെണ്‍കുട്ടി യൂട്യൂബ് വീഡിയോകള്‍ നോക്കി പ്രസവിച്ചു;കുഞ്ഞിനെ കൊലപ്പെടുത്തി

single-img
6 March 2023

ലൈംഗിക അതിക്രമത്തിന് വിധേയായ പെണ്‍കുട്ടി, യൂട്യൂബ് വീഡിയോകള്‍ നോക്കി പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തിയതായി പൊലീസ്.

മഹാരാഷ്ട്രിലെ നാഗ്പൂരിലാണ് 15കാരി പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം അമ്മയില്‍ നിന്ന് മറച്ചുവെച്ചിരുന്നതായും പൊലിസ് പറഞ്ഞു.

ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരും അറിയാതിരിക്കാനാണ് പെണ്‍കുട്ടി വീട്ടില്‍ തന്നെ പ്രസവിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ഇതിനായുള്ള യൂട്യൂബ് വീഡിയോകള്‍ കാണാന്‍ തുടങ്ങി. മാര്‍ച്ച്‌ രണ്ടിന് 15കാരി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയും മൃതദേഹം വീട്ടിലെ ഒരു പെട്ടിക്കുള്ളില്‍ ഒളിപ്പിക്കുകയും ചെയ്തു.

വീട്ടില്‍ തിരിച്ചെത്തിയ അമ്മ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണ്ട് ചോദ്യം ചെയ്തപ്പോഴാണ് കൗമാരക്കാരി വിവരം അമ്മയെ അറിയിച്ചത്. തുടര്‍ന്ന് അമ്മ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പെണ്‍കുട്ടിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.