അധ്യാപനം ജോലിയല്ല, കലയെന്ന് ധോണി; സ്‌കൂളിൽ പഠിപ്പിച്ച അദ്ധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും താരം

single-img
8 January 2023

കാസർകോട്: അധ്യാപകരെയും അധ്യാപനവൃത്തിയേയും വാഴ്ത്തി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി. പ്രൊഫസർ കെ.കെ. അബ്ദുൽ ഗഫാറിന്റെ ആത്മകഥ ‘ഞാൻ സാക്ഷി’ പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിദ്യാർത്ഥികളുടെ ജീവിതത്തിലെ അധ്യാപകരുടെ വിലമതിക്കാനാവാത്ത പങ്കിനെപ്പറ്റി ധോണി ഓർമ്മിപ്പിച്ചത്.

“അധ്യാപകനായിരുന്ന പ്രൊഫ. അബ്ദുൽ ഗഫാർ പിന്നിട്ട യാത്രയെ കുറിച്ച് ഈ ആത്മകഥ ഉൾക്കാഴ്ച പകരും. വിദ്യാഭ്യാസവും വിദ്യാർത്ഥികളും എങ്ങനെ മാറിയിരിക്കുന്നുവെന്നും അത് വ്യക്തമാക്കും. അധ്യാപനം ഒരു കലയാണെന്ന അഭിപ്രായമാണ് തനിക്ക്. ഒരു അധ്യാപകൻ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായാണ് പാഠങ്ങൾ പകരുക. ഒരു ക്ലാസ്സിലെ ഓരോ വിദ്യാർത്ഥിയുടെയും ബുദ്ധിമാനം വ്യത്യസ്തമായതുകൊണ്ട് അധ്യാപകർക്ക് ഓരോ വിദ്യാർത്ഥിയിലേക്കും പോകേണ്ടി വരും. വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതോടൊപ്പം അവരുടെ കഴിവുകളും ബലഹീനതകളും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. അതുകൊണ്ട് തന്നെ ഒരു തൊഴിൽ മേഖലയെന്നതിനേക്കാൾ ഒരു കലയാണ് അധ്യാപനം,” ധോണി പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസത്തിലുടനീളം ലഭിച്ച അധ്യാപകരുടെ വലിയ ആരാധകനാണ് താനെന്നും ധോണി വെളിപ്പെടുത്തി. “ഞാൻ ഒരിക്കലും ഒരു കോളേജിൽ പോയിട്ടില്ല, എങ്കിലും നന്നായി കാര്യങ്ങൾ ചെയ്തുവെന്ന് കരുതുന്നു.”

‘ഭാവി തലമുറയ്ക്ക് പ്രചോദനകരമാവും ഒത്തുചേരലുകൾ’

വിദ്യാർത്ഥികളും അധ്യാപനും സംഗമിച്ച പ്രൊഫ. ഗഫാറിന്റെ ആത്മകഥ പ്രകാശന ചടങ്ങിനെ തലമുറകളിലൂടെ കൈമാറുന്ന സ്മരണകളെ പരാമർശിച്ച് ധോണി പ്രശംസിച്ചു.

“ഇത്തരം ഒത്തുചേരലുകളുടെ ഭംഗി നാല്പതോ അമ്പതോ വർഷങ്ങൾക്ക് മുമ്പുള്ള കാര്യങ്ങൾ ആ തലമുറയിൽ ഉള്ളവർ പുനരാവിഷ്കരിക്കുമെന്നത് കൂടിയാണ്. ഇത് ഒരു വീഡിയോയാക്കി നമ്മുടെ കുട്ടികൾക്കോ ​​പേരക്കുട്ടികൾക്കോ ​​പിന്നീട് കൊടുത്താൽ അവർ പറയും, ‘അച്ഛാ, കുറെയൊക്കെ നിങ്ങളെപ്പോലെ തന്നെയാണല്ലോ സ്കൂളിലും കോളേജിലും ഞാനും’.

‘ഞാനും ഡോക്ടർ’, പ്രിയ സുഹൃത്തിനൊപ്പമുള്ള തമാശ പങ്കുവച്ച് ധോണി

ആത്മമിത്രവും സംരംഭകനുമായ ഡോ. ഷാജിർ ഗഫാറിന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ പിതാവിന്റെ പുസ്തക പ്രകാശന ചടങ്ങിനായി കാസർകോട് എത്തിയ ധോണി ഗൗരവം വെടിഞ്ഞു തമാശകൾക്കും സമയം കണ്ടെത്തി.
ഡോക്ടർ ആണെങ്കിലും മുതിർന്ന മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ആയി പ്രവർത്തിക്കുന്ന ഡോ. ഷാജിറിനെ ആദ്യം കണ്ടപ്പോഴുള്ള സംഭാഷണം പങ്കുവച്ചായിരുന്നു ധോണി ചിരി പടർത്തിയത്.

“ആദ്യം കണ്ടപ്പോൾ ഡോക്ടർ ഷാജിർ എന്നോട് പറഞ്ഞു, ഞാൻ ഒരു ഡോക്ടറാണ്, പക്ഷേ പ്രാക്ടീസ് ചെയ്യുന്നില്ലെന്ന്. എനിക്കും ഡോക്ടറേറ്റ് ഉണ്ടെന്നും ഞാനും പ്രാക്ടീസ് ചെയ്യുന്നില്ലെന്നുമായിരുന്നു എന്റെ മറുപടി. അതുകൊണ്ട് നമ്മൾ രണ്ടും ഒരേ നിലയിലാണെന്നും ഞാൻ പറഞ്ഞു,” ഹോണററി ഡോക്ടറേറ്റ് നൽകി ആദരിക്കപ്പെട്ട ധോണി ഇത്രയും പറഞ്ഞപ്പോഴേക്കും ഡോ. ഷാജിർ അടക്കം വേദിയിലും സദസിലുമുണ്ടായിരുന്നവർക്ക് ചിരിയടക്കാനായില്ല.