‘മതസൗഹാർദ്ദത്തിന്റെ യഥാർത്ഥ കേരള സ്റ്റോറി’; പാളയം ഇമാമിനെ പ്രശംസിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് മതസൗഹാർദ്ദ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നതിനിടെ പാളയം ഇമാമിന്റെ നിർദേശം പ്രശംസിച്ച് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഭക്തർക്കായി മസ്ജിദുകളിലും സമീപ വീടുകളിലും അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന ഇമാമിന്റെ ആഹ്വാനം യഥാർത്ഥ കേരളത്തിന്റെ മാനവിക മുഖമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊങ്കാല ദിവസങ്ങളിൽ കുടിവെള്ളം, വിശ്രമസൗകര്യം, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ഇമാം വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു. മതേതര കേരളത്തിന്റെ സഹജീവിതവും പരസ്പര ബഹുമാനവും പ്രതിഫലിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവയെന്നും, ഇതുതന്നെയാണ് യഥാർത്ഥ “കേരള സ്റ്റോറി”യെന്നും സ്വാമി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ ദിവസമാണ് പാളയം ഇമാം വിശ്വാസികൾക്ക് പ്രത്യേക നിർദേശം നൽകിയത്. നോമ്പുകാലമായതിനാൽ പകൽ സമയത്ത് വീടുകളിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ ഉണ്ടാകില്ലെന്ന കാര്യം പരിഗണിച്ച്, പൊങ്കാല ദിനത്തിൽ എത്തുന്ന ഭക്തർക്കായി ആവശ്യത്തിന് പാനീയങ്ങളും സാധ്യമെങ്കിൽ ഭക്ഷണവും ഒരുക്കിവെക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.


