ഫ്രാൻസിലും ബ്രിട്ടനിലും ഓസ്റ്റൻ കൊടുങ്കാറ്റ്; വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

single-img
24 October 2026

ഫ്രാൻസിലും ബ്രിട്ടനിലും നാശം വിതച്ച് ഓസ്റ്റൻ കൊടുങ്കാറ്റ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിനെത്തുടർന്ന് തെക്കൻ ബ്രിട്ടനിൽ വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ നീണ്ട കൊടുങ്കാറ്റിൽ ഗതാഗത സംവിധാനങ്ങളും താറുമാറായി.

ബ്രിട്ടനിൽ 10,000ത്തിലധികം വീടുകളിൽ ഇപ്പോഴും വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. 60,000ത്തിലധികം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ഫ്രാൻസിൽ ഏകദേശം മൂന്ന് ലക്ഷം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്.

കൊടുങ്കാറ്റിനെത്തുടർന്ന് ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളിൽ ഗതാഗതം തടസ്സപ്പെട്ടു. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ട്രെയിൻ സർവീസുകളെയും പ്രതികൂലമായി ബാധിച്ചു. ഫ്രാൻസിലെ നോർമാണ്ടിയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതായും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്.

ഫ്രാൻസിന്റെ വടക്കുകിഴക്കൻ മേഖലകളിൽ ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ‘ബോയലോ’ എന്ന മറ്റൊരു കൊടുങ്കാറ്റ് അടുത്ത ദിവസങ്ങളിൽ വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡ് തീരങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.