സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ; നിസാം ബഷീർ ചിത്രം ‘ഐ നോബഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു

single-img
13 July 2026

പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും മുഖ്യ കഥാപാത്രങ്ങളായെത്തിയ നിസാം ബഷീർ ചിത്രം ‘ഐ നോബഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ ഒരുക്കിയ ചിത്രം ജൂലൈ 9നാണ് തീയേറ്റർ റിലീസ് ചെയ്തത്.

തിരുവനന്തപുരമാണ് കഥാപശ്ചാത്തലം. രാജീവൻ എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരു ബാങ്ക് കവർച്ചക്ക് രാജീവൻ സാക്ഷിയാകുന്നതിനെ തുടർന്ന് അയാളുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ‘പൃഥ്വിരാജ് പ്രൊഡക്ഷൻസ് ‘, ‘ഇ4 എസ്‌ക്പീരിമെന്റ് ‘ എന്നീ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.രാജീവും ഭാര്യ മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് രാജീവിന്റെ കുടുംബം.

മീരയുടെ വേഷം കൈകാര്യം ചെയ്തത് പാർവതിയാണ്. തങ്ങൾ നടത്തിയ ബാങ്ക് കവർച്ച രാജീവ് കണ്ടെന്ന് മനസ്സിലാക്കിയ കവർച്ചക്കാർ പണവുമായി കടന്നു കളയുന്നതിനിടയിൽ രാജീവനെ ബന്ധിയാക്കി കൊണ്ടുപോവുന്നു. ബാങ്കിൽ കവർച്ച നടന്ന കാര്യം എല്ലാവരും അറിയുകയും രാജീവനെ കാണാതാവുകയും ചെയ്തതോടെ കവർച്ചക്ക് പിന്നിൽ രാജീവാണോ എന്ന സംശയങ്ങൾ ഉടലെടുക്കുകയും അയാൾ സമൂഹത്തിനു മുന്നിൽ ക്രൂശിക്കപ്പെടുകയും ചെയ്യുന്നു.

സിനിമയുടെ ആരംഭം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കവണ്ണമുള്ള എല്ലാ ചേരുവകളും ചേർത്താണ് സംവിധായകൻ നിസാം ബഷീർ ചിത്രം ഒരുക്കിയിരിക്കുന്നത്. സസ്‌പെൻസ് മാത്രമല്ല വൈകാരിക നിമിഷങ്ങളും ചിത്രത്തിൽ കാണാം. ജേക്‌സ് ബിജോയുടെ സംഗീതം കൂടെ ചേരുന്നതോടെ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുകെട്ടുന്നു. ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ മറ്റൊരു തലത്തിലേക്ക് എത്തുന്നു.പൃഥ്വിരാജും പാർവതി തിരുവോത്തും തങ്ങളുടെ അഭിനയ മികവ് നേരത്തെ തന്നെ തെളിയിച്ചവരാണ്.

ഇവരുടെ മക്കളായ് എത്തിയ നക്ഷത്രയും ആര്യ ഇസയും അവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. റമീസ് എംബിയുടെ എഡിറ്റിങ്ങാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ഒട്ടും തന്നെ ലാഗടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവാൻ റമീസ് എംബിക്ക് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ തെറ്റായ സ്വാധീനവും ആൾക്കൂട്ടത്തിന്റെ മനശാസ്ത്രവും ഒരു പടികൂടി കടന്ന് അതിശയോക്തിപരമായി കൈകാര്യം ചെയ്യാനുള്ള സിനിമാറ്റിക് ലിബേർട്ടി ‘ഐ നോബഡി’ എടുക്കുന്നുണ്ട്. ഒരു ഹൈസ്റ്റ് സ്റ്റോറിയിൽ തുടങ്ങിയ ചിത്രം പതിയെ സോഷ്യോ പൊളിറ്റിക്കൽ ജോണറിലേക്ക് മനോഹരമായ് നീങ്ങുന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാവുന്നു.