സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ ലഭിച്ചതായി ഇഡി; കൂടുതൽ പരിശോധനയ്ക്ക് നീക്കം

single-img
1 January 2026

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സേവ് ബോക്സ് ആപ്പിൽ നിന്ന് നടൻ ജയസൂര്യയ്ക്ക് ഏകദേശം ഒരു കോടി രൂപ ലഭിച്ചതായി ഇഡി കണ്ടെത്തി. ജയസൂര്യയുടെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ തുക എത്തിയത്. തട്ടിപ്പിലെ പ്രധാന പ്രതിയായ സ്വാതിക് റഹ്മാന്റെ കമ്പനികളിൽ നിന്നാണ് പണം കൈമാറിയതെന്നും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമായാണ് ഈ തുക ലഭിച്ചതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാൽ ജയസൂര്യയുടെ അക്കൗണ്ടുകളിൽ കൂടുതൽ വിശദമായ പരിശോധന നടത്തുമെന്നും, അടുത്ത ആഴ്ച വീണ്ടും ഹാജരാകാൻ നിർദേശം നൽകിയതായും ഇഡി അറിയിച്ചു. സ്വാതിക് റഹ്മാനുമായി ബന്ധമുള്ള സിനിമാ മേഖലയിലെ മറ്റ് വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചിട്ടുണ്ടോയെന്നും, അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നുമാണ് അന്വേഷണ പരിധിയിലുള്ളത്. ജയസൂര്യയുടെ ഭാര്യ സരിതയുടെ മൊഴിയും ഇഡി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.