ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ച് നിര്‍ത്തുന്നു: സണ്ണി ജോസഫ്

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ ഹൈക്കോടതി വിമർശിച്ചതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഹൈക്കോടതിയുടെ വിമർശനം സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുനിഷ്ഠമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, എന്നാൽ അന്വേഷണ സംഘം ഇതുവരെ ആ ഉന്നതരിലേക്കെത്തിയിട്ടില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു. അവരെ പ്രതിചേർക്കാനും ചോദ്യം ചെയ്യാനും പോലും അന്വേഷണ സംഘം മടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തെ സർക്കാർ നിയന്ത്രിക്കുകയാണെന്നും, രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി അന്വേഷണത്തിന്റെ ദിശയും വേഗതയും നിയന്ത്രിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.
അന്വേഷണം അത്യന്തം മന്ദഗതിയിലാണെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ഗൗരവമേറിയ കേസിൽ മുഴുവൻ പ്രതികളെയും കണ്ടെത്താനും നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാനും കോടതി നിർദേശിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഒന്നും സാധിച്ചിട്ടില്ലെന്നത് അതീവ ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിഷയങ്ങൾ വസ്തുനിഷ്ഠമായി പരിശോധിച്ച് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നതിനെ തങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും, ഈ വിഷയത്തിൽ കോടതി മാത്രമാണ് ആശ്വാസമെന്നും സണ്ണി ജോസഫ് പറഞ്ഞു. സിപിഐഎം നേതാക്കളായ പ്രതികൾക്ക് പാർട്ടി കവചം നൽകി സംരക്ഷണം നൽകുന്നുവെന്ന സൂചനയാണ് കോടതി ഉത്തരവിലൂടെ ജനങ്ങളിലേക്ക് എത്തുന്നതെന്നും, ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക ദിനംപ്രതി വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


