മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനം; അന്വേഷണം തുടങ്ങി

single-img
1 March 2023

മരിച്ചയാള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായ ധനം അനുവദിച്ചു.

എറണാകുളം വടക്കന്‍ പറവൂ‍ര്‍ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്ബാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനേക്കുറിച്ചന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇതേപ്പറ്റിയും പരിശോധന തുടങ്ങി.

വടക്കന്‍ പറവൂരിലെ ചെറിയപള്ളന്‍ തുരുത്തിലുളള മണിയാലില്‍ മുരളിയുടെ വീട്. ഭാര്യയും മകളും മാത്രമാണ് ഇപ്പോള്‍ താമസം. കയര്‍ തൊഴിലാളിയായിരുന്ന മുരളി കഴിഞ്ഞ ഡിസംബ‍ 29ന് വൃക്ക രോഗത്തെത്തുടര്‍ന്ന് മരിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്ബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 35000 രൂപ മുരളിയുടെ പേരില്‍ ചികിത്സാ ധനമായി അനുവദിച്ചു. ഇതേത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് അഴിമതിയെന്ന് പ്രഥമദൃഷ്യാട്യാ തോന്നുന്ന വിവരങ്ങള്‍ കിട്ടിയത്. മുരളി മരിച്ചത് ഡിസംബ‍ര്‍ 29നാണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയില്‍ നിന്നുളള സഹായധനത്തിനായി അക്ഷയ വഴി അപേക്ഷിച്ചത് തൊട്ടടടുത്ത ദിവസം ഡിസംബ‍ 30ന്. അതായത് മരിച്ച്‌ ഒരു ദിവസത്തിനുശേഷം. ഒടുവില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് മരിച്ച മുരളിയ്ക്ക് 35000 രൂപ സഹായ ധനം അനുവദിച്ച്‌ ഉത്തരവായത്. എന്നാല്‍ മുരളി മരിക്കുംമുന്പാണ് അപേക്ഷ നല്‍കിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം അവകാശപ്പെടുന്നത്.

മുരളിയുടെ മരണ ശേഷം തന്നെയാണ് അപേക്ഷിച്ചിരിക്കുന്നതെന്നാണ് വിജിലന്‍സ് പറയുന്നത്. ഇതാരെന്ന് കണ്ടെത്തണം. മരിച്ചയാള്‍ക്ക് പണം അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അഴിമതിയുണ്ടോയെന്നുമാണ് നിലവില്‍ വിജിലന്‍സ് പരിശോധിക്കുന്നത്.