ആദിപുരുഷ്’ എന്ന ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പങ്കുവെച്ച പ്രേക്ഷകനെ പ്രഭാസിന്റെ ആരാധകര്‍ മര്‍ദ്ദിച്ചു

single-img
16 June 2023

പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം ‘ആദിപുരുഷ്’ ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ‘ആദിപുരുഷ്’ എന്ന ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പങ്കുവെച്ച പ്രേക്ഷകന് പ്രഭാസിന്റെ ആരാധകരില്‍ നിന്ന് മര്‍ദ്ദനമേറ്റുവെന്നും വാര്‍ത്തകള്‍ വരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐമാക്‍സ് തിയറ്ററിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനായി എത്തിയപ്പോള്‍ വലിയ പ്രേക്ഷകപിന്തുണയായിരുന്നു ആദ്യ ദിവസം ലഭിച്ചത്. എന്നാല്‍ രാമനായിട്ട് ചിത്രത്തില്‍ പ്രഭാസ് ചേരുന്നില്ല എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. വിഎഫ്‍ക്‍സും നിലവാരം പുലര്‍ത്തുന്നില്ല എന്നും പറഞ്ഞ പ്രേക്ഷനാണ് മര്‍ദ്ദനമേറ്റത്. മാധ്യമങ്ങളോട് ‘ആദിപുരുഷി’നെ കുറിച്ച് ഇയാള്‍ തന്റെ അഭിപ്രായം പങ്കുവയ്‍ക്കുമ്പോള്‍ ചുറ്റും കേട്ടുനിന്ന പ്രഭാസ് ആരാധകര്‍ മര്‍ദ്ദിക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നുന്നു. ഓം റൗട്ട് സംവിധാനം ചെയ്‍ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങിയത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രശാന്ത് നീലിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തിലും പ്രഭാസാണ് നായകൻ. ‘സലാര്‍’ എന്ന ചിത്രത്തിലാണ് പ്രഭാസ് നായകനാകുന്നത്. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘സലാറി’നായി. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ സംഗീതം രവി ബസ്രുറാണ് എന്ന പ്രത്യേകതയുമുണ്ട്.