2026 നിയമസഭാ തിരഞ്ഞെടുപ്പ്: സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയൻ നയിക്കും

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയൻ നയിക്കുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കി. തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയ പിണറായി വിജയന് ഇളവ് നൽകുമെന്നും, തിരഞ്ഞെടുപ്പ് പ്രചാരണം അദ്ദേഹമാണ് നയിക്കുകയെന്നും കേന്ദ്ര നേതൃത്വം അറിയിച്ചു. മറ്റ് പേരുകൾ പരിഗണനയിലില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ഉണ്ടാകുമോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നെങ്കിലും, അവയ്‌ക്കെല്ലാം വിരാമമിടുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പാർട്ടിയിൽ നിലവിലുണ്ടായിരുന്ന രണ്ട് ടേം നിബന്ധന ഇത്തവണ കർശനമായി നടപ്പാക്കില്ലെന്നാണ് സൂചന. പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള അനുമതി നൽകുമെന്നും, ഇനി എന്തെങ്കിലും മാറ്റമുണ്ടാകുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സിപിഐഎം നേതൃയോഗത്തിൽ നേതാക്കളുടെ പെരുമാറ്റത്തെക്കുറിച്ചും നിർദ്ദേശങ്ങൾ ഉയർന്നു. പാർട്ടി നേതാക്കളുടെ പെരുമാറ്റം മാന്യമായിരിക്കണമെന്ന കർശന നിർദേശമാണ് യോഗത്തിൽ മുന്നോട്ടുവച്ചത്. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തിൽ വിമർശനമുണ്ടെന്നും, താഴെത്തട്ടിൽ നല്ല രീതിയിൽ പ്രവർത്തിച്ച പ്രവർത്തകർ ഉള്ളതുകൊണ്ടാണ് വലിയ തകർച്ച ഒഴിവായതെന്നും വിലയിരുത്തലുണ്ടായി.
പ്രാദേശിക നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ മേൽ കമ്മിറ്റികൾ സമയബന്ധിതമായി ഇടപെടുന്നില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും നേതൃയോഗത്തിൽ ചൂണ്ടിക്കാട്ടി.


