ഓണപ്പരീക്ഷ മാറ്റില്ല; ഓഗസ്റ്റ് 13 മുതൽ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് കനത്ത മഴയും പ്രളയസാഹചര്യവും തുടരുന്നുണ്ടെങ്കിലും ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 13 മുതൽ പരീക്ഷകൾ ആരംഭിച്ച് 20-ന് അവസാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷം നടക്കും. തുടർന്ന് ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കും. പരീക്ഷാകാലയളവിൽ ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ, അന്നത്തെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 31-നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. അധ്യാപക സംഘടനകളും പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവ കാരണം പാഠഭാഗങ്ങൾ മുഴുവനായി പഠിപ്പിച്ച് തീർക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു അവരുടെ വാദം.
എന്നാൽ ഇതിനകം നിരവധി ദിവസങ്ങൾ ക്ലാസുകൾ നഷ്ടമായ സാഹചര്യത്തിൽ ഓണപ്പരീക്ഷ കൂടി മാറ്റുന്നത് അക്കാദമിക് കലണ്ടറിനെ ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇതോടെയാണ് പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താൻ തീരുമാനമായത്.


