ലോക്‌ സഭയില്‍ ഇന്നും ബഹളവും പ്രതിഷേധവും; പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി

single-img
28 March 2023

ലോക്‌ സഭയില്‍ ഇന്നും ബഹളവും പ്രതിഷേധവും മാത്രം. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി.

സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ട് മണി വരെ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യ സഭയിലും നടപടികള്‍ നിര്‍ത്തിവെച്ചു. പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചു. ഗുജറാത്തിലെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തോല്‍വി പ്രതിപക്ഷത്തെ ഞെട്ടിച്ചുവെന്നും ഇപ്പോഴത്തെ പ്രതിഷേധം ഈ ഞെട്ടല്‍ കാരണമെന്നും മോദി കുറ്റപ്പെടുത്തി. ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് പരാമര്‍ശം.

ലോക്സഭയില്‍ ഇന്ന് രാവിലെ ചാലക്കുടി എംപി ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് കരിങ്കൊടി എറിഞ്ഞു. ഇദ്ദേഹത്തിനൊപ്പം ഹൈബി ഈഡന്‍, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരാണ് ലോക്സഭയില്‍ പ്രതിഷേധിച്ചത്. ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ഇരപ്പിടത്തിനടുത്തേക്ക് കയറിയാണ് പ്രതിഷേധിച്ചത്. രമ്യ ഹരിദാസ്, ജ്യോതി മണി, ഹൈബി ഈഡന്‍ എന്നിവര്‍ പേപ്പര്‍ വലിച്ചു കീറി എറിഞ്ഞു.
രാജ്യസഭയിലും ബഹളം നടന്നു. ജെ പി സി അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷത്തോട് കയര്‍ത്ത് മന്ത്രിമാരായ കിരണ്‍ റിജിജുവും ഗിരിരാജ് സിംഗും രംഗത്ത് വന്നു. ലോക്സഭയില്‍ ചെയറിലുണ്ടായിരുന്ന മിഥുന്‍ റെഡ്ഡിക്ക് നടപടികളിലേക്ക് കടക്കാനായില്ല. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇന്നും പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. രാജ്യസഭയില്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംസാരിക്കുന്നതിനെതിരെ പ്രതിപക്ഷത്തെ അംഗങ്ങള്‍ കൂക്കിവിളിച്ച്‌ പ്രതിഷേധിച്ചു. ഇതോടെ രാജ്യസഭാ നടപടികളും രണ്ടര വരെ നിര്‍ത്തി വച്ചു.