പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞു; ശാരീരികമായി ഭീഷണിപ്പെടുത്തി; ടിനി ടോമിനെതിരെ പരാതി നല്‍കി നീന കുറുപ്പ്

നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി നടി നീന കുറുപ്പ്. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ശാരീരികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.
ഇന്നലെ നടി അന്‍സിബയും ടിനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. താരസംഘടനയില്‍ നിന്ന് രാജിവയ്ക്കാനുള്ള കാരണം ടിനിയാണെന്നും അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതല്‍ താരം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.
താന്‍ ജിഹാദിയാണെന്നും പലരെയും മതംമാറ്റി ഇസ്ലാമാക്കാന്‍ ശ്രമിക്കുന്നുവെന്നും പലതാരങ്ങളെയും ചേര്‍ത്ത് തന്റെ പേരില്‍ അവിഹിത കഥകള്‍ ഉണ്ടാക്കുന്നുവെന്നും അവര്‍ തുറന്നടിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് നടക്കുന്ന ആളോട് അറപ്പ് തോന്നുന്നുവെന്നും ഒപ്പം ജോലി ചെയ്യാന്‍ തന്നെ പറ്റില്ലെന്നും അന്‍സിബ ആരോപിച്ചു.
അന്‍സിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നാണ് നടന്‍ ടിനി ടോമിന്റെ പ്രതികരണം. സ്റ്റേജ് ഷോ നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു. അന്‍സിബയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിനി.
ഇവിടുത്തെ അംഗങ്ങളോട് വിവരങ്ങള്‍ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും താന്‍ അയക്കാറില്ലെന്നും ടിനി ടോം പറഞ്ഞു. ‘പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അന്‍സിബ പറയുന്നു. അങ്ങനെ പറയാന്‍ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാന്‍ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരന്‍മാരെല്ലാം മുസല്‍മാന്‍മാരാണ്’. – ടിനി ടോം പറഞ്ഞു.


