ദേശീയപാത വികസന പദ്ധതി ഉദ്ഘാടനം; പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യം: മന്ത്രി മുഹമ്മദ് റിയാസ്

single-img
11 March 2026

ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാതയ്ക്കായി പണം ചെലവഴിച്ചിട്ടും, ആ പങ്കാളിത്തത്തെ തമസ്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതി എൽഡിഎഫ് സർക്കാർ ഇടപെട്ടാണ് പുനരുജ്ജീവിപ്പിച്ചത്. മറ്റു പദ്ധതികൾക്കായി മാറ്റിവെച്ച തുക ഉപയോഗിച്ചാണ് ദേശീയപാത യാഥാർത്ഥ്യമാക്കിയത്. ഇതിന്റെ ക്രെഡിറ്റ് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ഉണ്ടായില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തുമ്പോൾ, സംസ്ഥാനത്തെ വകുപ്പ് മന്ത്രിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ താല്പര്യം മാത്രമാണ്.

കേരളത്തിന്റെ നിലപാടിനെ പ്രശംസിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പോലും പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നത് ശ്രദ്ധേയമാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ തുടക്കം മുതൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പും നേരിട്ട് ഇടപെട്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു. ഇത് കേരളത്തിന്റെ മാത്രം നേട്ടമല്ലെന്ന് വരുത്തിതീർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.