അദാനി കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്
ദില്ലി: അദാനി കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവർക്ക് അദാനി കുടുംബവുമായി ബന്ധമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഇതു സംബന്ധിച്ച് ഇൻ്റർനാഷണൽ കൺസോർഷ്യം ഓഫ് ജേണലിസ്റ്റ്സിനും തെളിവുകൾ കിട്ടി. അദാനി കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ട്. രേഖകൾ കിട്ടാൻ ശ്രമിക്കുന്നു എന്ന് സെബി അന്വേഷണ സംഘം അറിയിച്ചു.
ഗൗതം അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നിരുന്നു. രഹസ്യമായി സ്വന്തം കമ്പനികളിൽ അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയാണ് അദാനിക്ക് കുരുക്കായി പുതിയ കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ശാഖകളുള്ള ഓർഗനൈസ്‌ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്ട് എന്ന കൂട്ടായ്മയാണ് പുതിയ തെളിവുകൾ പുറത്തുവിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേർ വഴി വിദേശത്തെ നിഴൽ കമ്പനികളിലൂടെ അദാനിയുടെ കമ്പനികളിൽ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഇത്തരത്തിൽ നിക്ഷേപം നടന്നത് 2013 മുതൽ 2018 വരെയുള്ള കാലയളവിലാണ്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകൾ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴൽ കമ്പനികൾക്ക് നൽകും. ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരിൽ സ്വന്തം ഓഹരികൾ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു. ഡിആർഐ പോലുള്ള ഏജൻസികൾക്ക് ഇത് അറിയാമായിരുന്നെന്നും മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോർട്ട് പറയുന്നു.